Monday, May 12, 2008

ചിറാപുഞ്ചി

കഴിഞ്ഞ മാസം ഒരു രാത്രി ഞാനൊന്ന് ചിറാപുഞ്ചി വരെ ഒന്നു പോയി വന്നു.

ഏത് സ്റ്റാന്റീന്നാണ് ബസ് പിടിച്ചത് എന്നോര്‍മ്മയില്ല. പക്ഷെ.., ‘നേരെ ചിറാപുഞ്ചി... നേരേ ചിറാപുഞ്ചീ‍‘ എന്ന് വിളിച്ച് പറയുന്നത് കേട്ടിട്ടാണ് കയറിയത്. പാലക്കാട് സൈഡ് വഴിയാണ് പോയത്. കാരണം, കുതിരാന്‍ കയറ്റത്ത് ഡ്രൈവര്‍ ചില്ലറയെറിഞ്ഞത് ഞാന്‍ കണ്ടു.

പൊള്ളാച്ചി ഏരിയയിലെവിടെയോ റോഡിലേക്ക് മദ്രാസ് ഈന്തപ്പനകളുടെ തണല്‍ വീണ് കിടക്കുന്ന ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി, യാത്രക്കാരില്‍ ചിലര്‍ ചായകുടിക്കാനും മൂത്രമൊഴിക്കാനുമായി വണ്ടിയില്‍ നിന്നിറങ്ങി. ഞാന്‍ ഇറങ്ങിയില്ല. (ഭാഗ്യം!)

പിന്നേം യാത്ര. എണ്ണിയാലൊടുങ്ങാത്ത ഹെയര്‍ പിന്‍ വളവുകളിലൂടെ വണ്ടി പോയി. റോഡ് നനഞ്ഞ് കറുത്ത്, രണ്ടുസൈഡിലും പച്ചപ്പുല്ലുകള്‍ നിറഞ്ഞ ഊട്ടി റൂട്ടിലെ റോഡുകള്‍ പോലെയിരുന്നു. ചിറാപുഞ്ചി ഏരിയയല്ലേ? മഴവെള്ളം നനഞ്ഞാവും.

ബസില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ വെളുത്ത കക്കകള്‍ കമിഴ്ത്തിയിട്ട പോലെ താഴ്‌വാരത്തിലെ വീടുകളുടെ മേല്‍പ്പുരകളും പരന്ന പുകയും താഴേനിന്ന് കയറി വരുന്ന സോപ്പുപെട്ടിയോളം പോന്ന വാഹനങ്ങളും കണ്ടു. വിക്‍ടോറിയയില്‍ വച്ച് ടൂര്‍ പോയപ്പോള്‍ കണ്ട അതേ സീനുകള്‍ . കുറേ കഴിഞ്ഞപ്പോള്‍ നിരനിരയായി കടകളുടെ ബോര്‍ഡുകള്‍ കാണുന്നു.

എല്ലാത്തിലും ജിലേബി പിച്ചിപ്പൊളിച്ചിട്ടിരിക്കും പോലുള്ള അക്ഷരങ്ങള്‍. ‘ഉം.. അപ്പോള്‍ കര്‍‌ണ്ണാടക എത്തി!‘ ഞാന്‍ മനസ്സില്‍ പറഞ്ഞു.

കുറച്ച് ദൂരം കൂടി പോയി, ഒരു വലിയ ഗേയ്റ്റിനുമുന്നില്‍ വണ്ടി നിര്‍ത്തി.

4 വണ്ടിക്ക് കടന്നുപോകാന്‍ പാകത്തില്‍ ഒരു എമണ്ടക്കന്‍ ഗേയ്റ്റ്. കണ്ണുതിരുമ്മി, ഗേയ്റ്റില്‍ എഴുതി വച്ചിരിക്കുന്നത് വായിച്ചു നോക്കി.

‘വെല്‍ക്കം റ്റു ദുബായ് വേള്‍ഡ് & ജെബല്‍ അലി ഫ്രീസോണ്‍ അതോരിറ്റി’

‘ഇത് നമ്മടെ ജെബല്‍ അലി മെയിന്‍ ഗേയ്റ്റല്ലേ?? അതെ. മെയിന്‍ ഗേയ്റ്റ് എന്നറിയപ്പെടുന്ന, മുന്നാം നമ്പര്‍ ഗേറ്റ്!‘

‘അപ്പോഴാണ് ഞാന്‍ തൊട്ടടുത്തിരിക്കുന്ന ആളെ നോക്കുന്നത്. അതേ. എന്റെ കൂടെ ഫാന്‍സില്‍ വന്നിരുന്ന, ഫാന്‍സിയില്‍ പോക്ക് നിര്‍ത്തിയതിന് ശേഷം ഇന്നാള് വഴിയില്‍ വച്ച് കണ്ടപ്പോള്‍ ചിരിച്ച അതേ ചുള്ളത്തി സി.ഇ.സി. കാര്‍ഡ്, സെക്യൂരിറ്റിയെ കാണിക്കാന്‍ എടുക്കുന്നു‘

‘ങേ?? ‘അപ്പോള്‍ ജെബല്‍ അലിയാണോ ചിറാപുഞ്ചി?’ അതോ ഞാന്‍ വണ്ടി മാറിക്കയറിയോ??’ ‘ഇനി ചിറാപുഞ്ചി കഴിഞ്ഞുപോയോ?’ മൊത്തം കണ്‍ഫ്യൂഷനുകളുടെ ഒരു ഘോഷയാത്രയായിരുന്നു...

അവസാനം...അവസാനം, നാറാണത്തുഭ്രാന്തന്റെ അവസാന ലൈന്‍ പോലെ, ‘ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം’ എന്ന് തിരിച്ചറിവോടെ ഞാന്‍ കണ്ണുകള്‍ തുറന്നു.

ഓ.ടോ: ഫാന്‍സിയില്‍ കൂടെ ഉണ്ടാകാറുള്ള ആ കൊച്ചിനേം കൊണ്ട് ഊട്ടിക്ക് ടൂര്‍ പോകണംന്നൊന്നും ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. സത്യം!

Tuesday, July 17, 2007

വെടിവെപ്പ്‌ (സ്ക്രാപ്പ് സ്വപ്നം)

ഇന്നലെ രാത്രി വീണ്ടും ഞാനൊരു ഹൊറര്‍ സ്വപ്നം കണ്ടു.

ട്രാജഡി നടക്കുന്നത്‌, കുപ്പിച്ചില്ല് പതിപ്പിച്ച കരിങ്കല്ല് മതിലിന്റെ മുകളിലൂടെ കൊടകര പാടത്തേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന ഞങ്ങളുടെ സുന്ദരിമാവിന്റെ കീഴെവച്ചായിരുന്നു. ഉച്ചതിരിഞ്ഞ സമയം.

ഞാന്‍ വലതുകണ്ണടച്ചു പിടിച്ച്‌ ഇടതു കണ്ണുകൊണ്ട്‌ എയര്‍ ഗണ്ണിന്റെ അറ്റത്തേക്ക്‌ നോക്കി ഉന്നം പിടിച്ചു. കുഴലിന്റെ അറ്റത്തുള്ള 'സുന' മാവിന്‍ കൊമ്പിലിരിക്കുന്ന കൊക്കിന്‌ നേരെ വന്ന വശം ഞാന്‍ കാഞ്ചിമഠാധിപതിയെ പിടിച്ച്‌ ഒറ്റ വലി.

'ക്ടക്‌'

ഒന്നും സംഭവിച്ചില്ല. കൊക്ക് യാതൊന്നുമറിയാതെ അതേ പോസില്‍ തന്നെ ഇരിക്കുന്നു!

എന്റെ ഉന്നം തെറ്റിയിരിക്കുന്നു! വെരി ബാഡ്. മനം നൊന്ത് വാശിപ്പുറത്ത് വര്‍ദ്ധിത വീര്യനായി എയര്‍ഗണ്‍ ഒടിച്ച്‌ പിടിച്ച്‌, കൊളപ്രന്റെ പടക്കക്കടയില്‍ നിന്ന് 19 രൂപക്ക്‌ 100 എന്ന കണക്കില്‍ വാങ്ങിയ പില്ലറ്റ്‌ ഒന്നെടുത്ത്‌ വച്ച്‌ വീണ്ടും ലോഡ്‌ ചെയ്തു.

സുന = കൊക്ക്‌. വെടി.

ആ വെടി വച്ചവശം കൊക്ക്‌, 'എന്തിറ്റാ എന്റെ അരൂത്തൂടെ പോയേ?' എന്നോര്‍ത്തിട്ടെന്ന പോലെ അപ്രത്തേക്കും ഇപ്രത്തേക്കും നോക്കി. എന്നിട്ട്‌, 'ഏയ്‌ ചെലപ്പോ വെറുതെ തോന്നിയതാവും' എന്ന് റോളില്‍ വീണ്ടും പഴയ രീതിയില്‍ ബ്രഹ്മാണ്ഢതത്വങ്ങളേക്കുറിച്ചാലോചിച്ചിരിപ്പ്‌ തുടര്‍ന്നു..

എഗൈന്‍ സുന = കൊക്ക്‌. വെടി.

മൂ‍ന്നാമത്തെ വെടിക്ക്‌ കൊക്കൊന്ന് ഞെട്ടി "ഡേഷ്‌.. എന്താദ്‌?" എന്ന ഭാവത്തില്‍ കണ്ണുകള്‍ പരമാവധി തുറന്ന് വീണ്ടും അങ്ങോട്ടുമിങ്ങോട്ടും അരിച്ച്‌ പെറുക്കി നോക്കി. സംഭവം മനസ്സിലാകാതെ കുറച്ച്‌ കഴിഞ്ഞപ്പോള്‍ വീണ്ടും കണ്ണടച്ചിരുന്നു.

ഞാനങ്ങിനെ പലറൌണ്ട്‌ വെടികളുതിര്‍ത്തു. 'കൊക്ക്‌ ചാവുകയുമില്ല, ഉണ്ട കഴിയുന്നുമില്ല' എന്ന അവസ്ഥ തുടര്‍ന്നപ്പോള്‍ ഞാന്‍ തോക്ക്‌ താഴെ വച്ച്‌ 'ഈ ഡേഷിനെ ഇന്ന് കോന്നിട്ടുള്ള കേസേ ഉള്ളൂ' എന്ന് പറഞ്ഞ്‌ ഒരു കല്ലെടുത്ത്‌ എറിഞ്ഞാലോ എന്നോര്‍ത്ത്‌ നില്‍ക്കുമ്പോഴാണ്‌ ഭയങ്കരമായ ഒരു ഇരമ്പല്‍ കേള്‍ക്കുന്നത്‌.

ഞാന്‍ നോക്കിയപ്പോള്‍ കൊടകരപ്പാടത്ത്‌ ഒരു എയര്‍ ഇന്ത്യാ വിമാനം വീണുകിടക്കുന്നു. ആളുകള്‍ സൈഡീക്കോടെയെല്ലാം പണ്ട്‌ ചാളവണ്ടി മറിഞ്ഞപ്പോള്‍ ടെമ്പോക്കാര്‍ ഉള്ളീന്ന്‌ ഊളാക്കുകുത്തി വന്നതുപോലെ വരുന്നു. അപ്പോള്‍ വിമാനത്തിന്റെ കോക്ക് പിറ്റില്‍ നിന്നിരുന്ന പൈലറ്റ്‌ എന്നെ നേരെ കൈ ചൂണ്ടി 'പിടിക്കടാ അവനേ' എന്ന് വിളിച്ച്‌ പറഞ്ഞു.

എന്റെ വ്യാകുലമാതാവേ... പാമ്പുകടിക്കാനായിട്ട്...അപ്പോള്‍ നമ്മള്‍ കൊക്കിന്‌ വച്ചത്‌ കോക്‌ക്‍പിറ്റിലാണോ‌ പോയി കൊണ്ടത്‌?? എനിക്ക് വയ്യ! ഇതിന്‌ ഞാന്‍ എന്ത്‌ സമാധാനം പറയും? ഏത് ഭാഗത്തേക്കാ ഓടാ?

അങ്ങിനെ മറ്റൊരു കാള രാത്രി കൂടി ഞാന്‍ പിന്നിട്ടു. പേടിക്കാവുന്നതിന്റെ അപ്പുറത്ത് ഞാന്‍ പേടിച്ചു. കിടക്കുമ്പോള്‍ ഉണ്ടായിരുന്ന ജലദോഷം നേരം വെളുത്തപ്പോഴേക്കും പനിയായി മാറാന്‍ പോന്നത്രക്കും!

Labels:

Saturday, May 05, 2007

വാട്ടര്‍ റ്റാങ്കട

ഒരു ദിവസം പാതിരാത്രി ദുബായിപ്പോലീസ്‌ എന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ചെയ്ത കുറ്റം നിസാരമൊന്നുമല്ല. ദുബായിലെ മെയിന്‍ വാട്ടര്‍ സപ്ലൈ റ്റാങ്കില്‍ നിന്നും വരുന്ന പൈപ്പ് എന്റെ അമ്മാമ്മേടെ എക്സ്‌ മേല്‍ മുണ്ട് ചുരുട്ടിക്കൂട്ടി ഉണ്ടയാക്കി അങ്ങ് അടച്ചു വച്ചു.

ഫലമോ, 2 ദിവസം ദുബായ്‌ നഗരം മൊത്തം വൈശാലി സിനിമയിലെ ബാബു ആന്റണിയുടെ രാജ്യം പോലെ ഒരു തുള്ളിവെള്ളം കിട്ടാതെ കിടന്നു.

എത്ര ആലോചിച്ചിട്ടും പാമ്പുകടിക്കാന്‍ എന്തിന്‌ നമ്മളിത് ചെയ്തുവെന്ന് അങ്ങട് പിടികിട്ടുന്നില്ല. സിറ്റി സെന്ററില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ കുറെ പെണ്ണുങ്ങള്‍ ട്രൌസറിട്ട് പോകുന്ന നമ്മളെ നോക്കി ‘കോഴിക്കാലാ...’ എന്ന് വിളിച്ച് കളിയാക്കി ചിരിച്ചതും ‘ എന്തടി മന്തകളെ...’ എന്ന് തിരിച്ച് പറഞ്ഞതും എനിക്കോര്‍മ്മയുണ്ട്. പക്ഷെ, അതും ഈ വാട്ടര്‍ റ്റാങ്കടയും തമ്മില്‍ ...

ഇനി ചിലപ്പോള്‍ ഉറക്കപ്പിച്ചില്‍ നമ്മള്‍‍ നമ്മുടെ വീട്ടിലെ ടാങ്കാണെന്ന് തെറ്റിദ്ധരിച്ച് ‘ദുബായ് വാട്ടര്‍ റ്റാങ്ക്, മാവിന്റെ ഇലയും കരടുകളും എല്ലാം എടുത്ത് കളഞ്ഞ് ഒന്ന് കഴുകിക്കളയാം‘ എന്ന് വച്ച് അടച്ചതാവുമോ?

പക്ഷെ, ഇത്രേം അമണ്ടക്കന്‍ ടാങ്കില്‍ എങ്ങിനെ പൊത്തിപ്പിടിച്ച് കേറിയെന്നോ എങ്ങിനെ താഴേക്ക് ഊളാക്കു കുത്തി ചെന്ന് പൈപ്പിന്റെ ഹോള് അടച്ചെന്നോ ഒരു പിടിയും കിട്ടുന്നില്ല.

എന്തായാലും സംഭവം സീരിസായി. ക്ലോസ്‌ സെര്‍ക്ക്യൂട്ട്‌ ക്യാമറ വച്ച്‌ പോലിസ് കമ്പ്ലീറ്റ് പിടിച്ച് എല്ലാ ചാനലിലും എന്റെ ഫോട്ടോ കണ്ടിന്യുവസായി കാണിച്ചുകൊണ്ടിരുന്നു. കരാമയിലെ ലുലു സെന്ററിന്റെ മുന്‍പിലുള്ള പാര്‍ക്കില്‍ വച്ചാണ് ഞാന്‍ എന്നെ ടി.വി.യില്‍ കണ്ടത്.

ടെന്‍ഷന്‍ അങ്ങ് കയറി ഇപ്പോള്‍ ചാവും എന്ന നിലയിലായി ഞാന്‍.

ഹവ്വെവര്‍, ഓഫീസില്‍ ചെന്ന് എങ്ങിനെയെങ്കിലും പാസ്പ്പോര്‍ട്ടെടുപ്പിച്ച് കിട്ടാവുന്ന സ്പീഡില്‍ സ്കൂട്ടാവാന്‍ വേണ്ടിയാണ് പുലര്‍‌ച്ചെ രണ്ടര മണിക്ക്‌ ഞാന്‍ ചാടിപ്പിടഞ്ഞെണീറ്റത്‌.

അതേതായാലും നന്നായി. ടെന്‍ഷന്‍ അവിടം കൊണ്ട് തീര്‍ന്നു.

Saturday, March 24, 2007

ശൂലം തറ

തല കുനിച്ച് കണ്ണടച്ച് ഞാനിരിക്കുയാ‍ണ്. തലയില്‍ തേച്ച മഞ്ഞളിന്റെ അധികരിച്ച ജലാംശം ചെവിയുടെ അരികിലൂടെ ഒലിച്ച് താടിയിലൂടെ താഴെക്കിറ്റിറ്റു വീണു.

ഇറിറ്റേഷന്‍! ഞാന്‍ ഉള്ള നഖം വച്ച് ഒന്ന് മാന്തിയേക്കാമെന്ന് വച്ചു. മാന്തി. പക്ഷെ, മാന്ത് ഏല്‍ക്കുന്നില്ല. പിന്നേയും ശ്രമിച്ചു. കടിക്കുമ്പോള്‍ വിചാരിച്ച മാതിരി മാന്താന്‍ പറ്റാതിരുന്നാലുള്ള അവസ്ഥയാണ് ഈ ലോകത്തേറ്റവും ഭീകരമായ അവസ്ഥ എന്നെനിക്ക് വീണ്ടും മനസ്സിലായി.

പതിയെ പതിയ കണ്ണ് തുറന്ന് ഞാന്‍ പ്രകൃതിയെ നോക്കി.

അപ്രത്തും ഇപ്രത്തും മഞ്ഞളുകൊണ്ട് മക്കിട്ട മൊട്ടത്തലകള്‍ കവിളില്‍ ചന്ദനക്കുറിയണിഞ്ഞ് ശൂലവും തറച്ച് അതിന്റെ രണ്ടെന്റിലും ഓരോ ചെറുനാരങ്ങയും ഞാട്ടിയിട്ട് ഇരുന്ന് ബീഡിയും വലിച്ചിരിക്കുന്നു. കൂളായിട്ട്.

സ്ഥലം പഴയണിയാണോ? ഉറപ്പില്ല. പക്ഷെ, ലക്ഷണം കണ്ടിട്ട്... പഴണിയാവണം. കുറെ തമിഴ്നമാര്‍ ‘വേല്‍മുരുകന് ഹരോ ഹരോ ‘ എന്ന് പാടി മുന്‍പോട്ടും പിറകോട്ടം താളത്തില്‍ തുള്ളുന്നുണ്ട്.

വെളുത്ത താടിയുള്ള; നെല്ലിക്ക പോലുള്ള രുദ്രാക്ഷം കൊണ്ടുണ്ടാക്കിയ മാലയിട്ട ഒരു ആജാനബാഹു എന്റെ നേരെ നടന്നു വന്നു. ഒരു കയ്യില്‍ ഭസ്മവും മറു കയ്യില്‍ ഒരു കൊടക്കമ്പിയുമായി.

‘ഈ ശുലം അങ്ങട് തറച്ചേക്ക് ‘ അടുത്തുനിന്ന പുജാരിയോടായി പറഞ്ഞു.

ഏഹ്?? ഏ?? ശൂലം തറക്കാനോ? എന്നെയോ?? ദൈവമേ!!

അല്ലെങ്കില്‍ തന്നെ ചെളിയുണങ്ങി തുടങ്ങിയ പുഞ്ചക്കണ്ടത്തില്‍ കൊക്ക് നടന്നപോലെയുള്ള എന്റെ കവിളത്ത് (അമ്മികൊത്തിയതെന്ന് പറയുന്നത് ഔട്ട് ഓഫ് ഫാഷനായി) ഇനി ശൂലം തറച്ച കുഴി പാടിന്റെ ഒരു കുറവേ ഉള്ളൂ!

‘ലാടവും അടിക്കാന്‍ നേര്‍ച്ചയുണ്ട്‘

യെന്ത്? യെന്ത്? ലാടോ???

ലാടം അടിച്ചുകയറ്റാന്‍ ഞാന്‍ കുഞ്ഞറതേട്ടന്റെ വിട്ടിലെ കാളയോ..??

ഒരു തമിഴന്‍ വന്ന് പൂജാരിയുടെ കയ്യില്‍ ഒരു ജോഡി ലാടം കൊടുത്തു.

ഇതൊക്കെ ആര് എപ്പോ നേര്‍ന്നു?

എന്താ ചെയ്യാ? സഹായത്തിനാരും ഇല്ല. എന്ത് ന്ന് പറഞ്ഞ് നെലോളീക്കും? എന്തുചെയ്യും?

ഞാന്‍ വേറെ ഒന്നും നോക്കിയില്ല. നമുക്ക് നമ്മുടെ കവിളും കാലും രക്ഷിക്കണം. അവിടെ നിന്നെണീറ്റ് ഒരു ഓട്ടമായിരുന്നു.

ഹൈവേകളും ഇടവഴികളും സര്‍വ്വേരിക്കല്ലുകളും എന്റെ ഓട്ടം കണ്ടു നിന്നു.

തൊട്ടടുത്ത് ട്രൌസറിട്ട്, ‘&‘ സൈന്‍ കിടക്കുമ്പോലെ കിടന്ന് നിഷ്കളങ്കമായി ഉറങ്ങിയിരുന്ന രാജേഷ് ഉറക്കത്തില്‍ നിന്ന് ചാടിയെണീറ്റ് ‘വാട്ട് ഹപ്പെന്റ്..വാട്ട് ഹപ്പെന്റ്’’ എന്ന് ചോദിക്കുന്നത് കേട്ടാണ് ഞാന്‍ ഓട്ടം നിറുത്തിയത്.

Wednesday, February 07, 2007

കുളദേവത

എന്തിനോ വേണ്ടി പറമ്പിന് താഴെയുള്ള കുളത്തിനടുത്ത് ചെന്നതായിരുന്നു ഞാന്‍.

കുളത്തിലെ വെള്ളം അനങ്ങുന്നത് കണ്ട്, ബ്രാല്‍ വെട്ടിയതാണെന്നാ ഞാന്‍ ആദ്യം കരുതിയത്. നോക്കിയപ്പോള്‍ വെള്ളം മൊത്തം കിടന്ന് അനങ്ങുന്നുണ്ട്.

അപ്പോള്‍ ഒരശരീരി ഞാന്‍ കേട്ടു:

‘നീ ശാന്തിയിലെ നേഴ്സിനെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. പോട്ട ധന്യയിലെ നേഴ്സിനെയും വഞ്ചിച്ചു’ അതിനുള്ള ശിക്ഷയായി നീന്നെ പോത്ത് കുത്തി കൊല്ലട്ടേ’

അത് കേട്ടതും, ഒരു പോത്തോടിവരുന്ന ശബ്ദം ഞാന്‍ കേട്ടുതുടങ്ങി. കര്‍ത്താവേ... എങ്ങോട്ടോടും?

സംഗതി, എന്നെ കുള ദേവത തെറ്റിദ്ധരിച്ചതാ... അത് ഞാനല്ല. ഡേവീസാണ്. പക്ഷെ, ഞാന്‍ സത്യത്തില്‍ അവന്റെ കൂടെ വെറുതെ കമ്പനിക്ക് പോവുക മാത്രമേ ചെയ്തുള്ളൂ..

പക്ഷെ, ആരോടാന്ന് വച്ചാ പറയണ്?

ഞാന്‍ ഓടി മതില്‍ വട്ടമെടുത്ത് ചാടാന്‍ നോക്കിയപ്പോള്‍ 4 അടി ഹൈറ്റുള്ള ഞങ്ങളുടെ മതിലിന് പകരം, അപ്പോള്‍ അവിടെ പീച്ചി ഡാമിന്റെ ഭിത്തി പോലെയൊരെണ്ണം!

അതെങ്ങിനെ വട്ടം ചാടാനാ??

പോത്തിന്‍ കുളമ്പടി അടുത്തടുത്ത് വന്നു. ഞാന്‍ ഫൈനലി മുരട്ടുകാളയില്‍ രജനിയോ വിജയകാന്തോ കാളയുടെ കൊമ്പില്‍ പിടിച്ച് കാളയെ മലര്‍ത്തിയടിക്കാന്‍ വേണ്ടി നിന്ന പോലെ പോത്തിനെ പെടക്കാന്‍ പ്രിപ്പയേഡായി നിന്നു.

‘രാത്രി ഭയങ്കര ഡ്രൈവിങ്ങായിരുന്നൂ ല്ലോ’ എന്ന സഹതറയന്റെ കമന്റിന്,

‘കയ്യില്‍, സ്റ്റീയറിങ്ങല്ലായിരുന്നു... പോത്തിന്റെ കൊമ്പായിരുന്നു!‘ എന്നൊന്നും തിരുത്താന്‍ നിന്നില്ല. നാണക്കേട്!

Wednesday, November 15, 2006

സ്ക്രാപ്പ്#6 - യാത്ര

നേരം സ്വപ്നത്തിലും ഇരുട്ടിത്തുടങ്ങിയിരുന്നു. തുമ്പിക്കൈ കനത്തില്‍ തുള്ളിക്കൊരുകുടം കണക്കെ മഴ. ഏതോ ദീര്‍ഘദൂരയാത്രകഴിഞ്ഞ്‌ കേയെസാര്‍ട്ടീസി ഓര്‍ഡിനറി ബസില്‍ മടക്കയാത്രയിലായിരുന്നു ഞാന്‍.

മഴചാറ്റലടിക്കാതിരിക്കാന്‍ ബസിന്റെ സൈഡിലെ ടാര്‍പോളിനുകള്‍ ഇട്ടിരിക്കുന്നു. അത് കാറ്റത്തത്‌ പാറി 'പടേ പടേ' ന്ന് വെള്ളം തെറിപ്പിച്ച്‌ അടിക്കുന്നുണ്ട്‌. ഇരുട്ട്‌ മാറ്റാന്‍ ബസിലെ ലൈറ്റുകള്‍ എല്ലാം ഓണാണ്‌.

ട്രാന്‍സ്പോര്‍ട്ട്‌ ബസല്ലേ? മഴക്കാലമല്ലേ? സീറ്റിലിരുന്നാല്‍ പാന്റിന്റെ പുറകില്‍ ദൂരദര്‍ശന്റെ ലോഗോ വരുമെന്ന് പേടിച്ചിട്ടോ എന്തോ ആരും ഇരിക്കുന്നില്ല. സീറ്റെല്ലാം ഓള്‍മോസ്റ്റ്‌ കാലി.

അത്രയും നേരം നില്‍ക്കുകയായിരുന്ന ഞാന്‍ 'വികലാംഗന്‍' എന്ന് മനോഹരമായി എഴുതിയതിന്റെ താഴെയുള്ള സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ എഴുന്നേറ്റപ്പോള്‍, അതില്‍ കയറി മടങ്ങിയിരുന്നു.

ഇരുന്നവശം തന്നെ എനിക്ക്‌ ഇരിപ്പിന്‌ ഒരു പ്രത്യേക സുഖം തോന്നി. നല്ല മുന്തിയ വിലയുള്ള ഏതോ ലെതറിന്റെ സോഫയില്‍ ഇരുന്നപോലെയൊരു രസം. വെരി മച്ച് കംഫര്‍ട്ടബിള്‍. ഒരു ഇളം ചൂടും!

ചൂട്‌, മുന്‍പിരുന്ന ചേട്ടന്‍ ബാക്കിവച്ചുപോയതാണെന്ന് ഊഹിച്ചു. സോഫ്റ്റ്‌ നെസ്സ്‌, എന്തോ ഒട്ടും കര്യമാക്കിയതേയില്ല.

ടിക്കറ്റുമായി കണ്ടെക്ടര്‍ എന്റെ അടുത്തുവന്ന് ചോദിച്ചു: 'എവിടേക്കാ?'

ഞാന്‍ കാശെടുക്കാന്‍ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പ്പോള്‍ എന്റെ പിറകില്‍ നിന്നൊരു കയ്യ്‌ കണ്ടെക്ടറുടെ അടുത്തെക്ക് നീങ്ങുന്നു. എന്നിട്ട് പറയുന്നു.

രണ്ട്‌ കൊടകര!

‘ഇതെവിടുന്നാ ഈ കയ് വന്നേ?’ എന്നോര്‍ത്ത് കയ്യിന്റെ ഉത്ഭവസ്ഥാനം തേടി നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു.

"ആ കയ്യിന്റെ ഉടമ സിനിമാ നടി ഉണ്ണി മേരി ആയിരുന്നു. ഞാന്‍ ഇരിക്കുന്നത്‌ ഉണ്ണിമേരിയുടെ മടിയിലും!" (വെറുതെയല്ലാ നല്ല സോഫ്റ്റ്‌നെസ്സ്‌ ഫീല്‍ ചെയ്തേ! )

സിറ്റുവേഷന്റെ സീരിയസ്‌നെസറിഞ്ഞ നേരത്തേ എന്റെ വെപ്രാളം കണ്ട്‌, ബസിലെ എല്ലാവരും എന്നെ നോക്കി പൊട്ടിപൊട്ടി ചിരിക്കുന്നു.

അയ്യയ്യേ!!

ഞാന്‍ പൊടുന്നനേ ചാടിയെണീക്കാന്‍ ശ്രമിച്ചതും രണ്ട്‌ കറുത്ത്‌ ബലിഷ്ടമായ കൈകള്‍ എന്നെ വട്ടം പിടിച്ചു.

ഞാന്‍ ശ്രദ്ധിച്ചു. എന്നെ ചുറ്റിയ കൈകളിലെ വിരലുകള്‍ തണുത്ത സോസേജ്‌ ഫ്രൈ ചെയ്ത പോലെ ചുളുങ്ങിയിരുന്നു. അതില്‍ വെള്ളിയുടെ നല്ല കണ്ടുപരിചയമുള്ളൊരു മോതിരം 'തലയോട്ടി മോതിരം'.

'ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ? ഫാന്റത്തിന്റെയല്ലേ ഇത്‌?' എന്നോര്‍ത്തു ഞാന്‍ ഒന്നുകൂടെ തിരിഞ്ഞു നോക്കി.

അപ്പോള്‍ ഞാന്‍ കണ്ടത്‌ ഉണ്ണിമേരിയെ അല്ലായിരുന്നു. ഫാന്റത്തിന്റെ പോലെ കോസ്റ്റ്യൂം ധരിച്ച വെളുത്ത തലമുടിയുള്ള കാതില്‍ കമ്മലിട്ട ഒരു അമ്മാമ്മ. ഫാന്റത്തിന്റെ ഫീമെയില്‍ വെര്‍ഷന്‍. ഒന്നുകില്‍ അത്‌ ഫാന്റത്തിന്റെ അമ്മ അല്ലെങ്കില്‍ അമ്മാമ്മ!

ഞാന്‍ വീണ്ടും കണ്‍ഫൈയൂഷനിലായി. ഉണ്ണിമേരിയെ ഞാന്‍ കണ്ടതല്ലേ? പിന്നെങ്ങനെ? ഇനി ഉണ്ണിമേരി...ഫാന്റത്തിന്റെ ആരെങ്കിലുമാണോ? ഈശ്വരാ..!

ഒരുകണക്കിന്‌ പുതപ്പിന്റെ ചുറ്റിവരിയല്‍ വിടുവിച്ച്‌ ഞാന്‍ രക്ഷപ്പെട്ടു ഉറക്കമുണര്‍ന്നു.

Tuesday, November 14, 2006

സ്ക്രാപ്പ്‌#5 - നുഴഞ്ഞുകയറ്റം

ഇന്നലെ രാത്രി വീണ്ടും അതിഭയങ്കരമായ ഒരു സ്വപനം കൂടെ ഞാന്‍ കണ്ടു. പാക്കിസ്താന്‍ കോടതി എന്നെ വധശിക്ഷക്ക്‌ വിധിച്ചെന്ന്!

കോടതി, ചിന്താമണി കൊലക്കേസ്‌ വാദം നടന്ന അതേ കോടതി. വിധി പ്രസതാവിക്കുന്നത്‌ കേള്‍ക്കാന്‍ നടന്‍ തിലകനും വന്നിട്ടുണ്ട്‌. സ്വാഭാവികം. എന്റെ മേല്‍ ആരോപിച്ചിട്ടുള്ള കുറ്റം നിസാരമല്ല. ശത്രു രാജ്യത്തേക്ക്‌ നുഴഞ്ഞുകയറ്റം നടത്തിയിരിക്കുന്നു. അതും അവരുടെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നിടത്തേക്ക്.

"യുവര്‍ ഓണര്‍, എന്റെ കക്ഷി അവിടെ പോയത്‌ യുറേനിയം സൂക്ഷിച്ചിരിക്കുന്ന ഗോഡൌണിന്റെ പിന്നില്‍ ഉണ്ടായികിടക്കുന്ന തണ്ണിമത്തന്‍ പൊട്ടിക്കാന്‍ മാത്രമാണ്‌, അല്ലാതെ സമ്പുഷ്ടീകരണം കണ്ടുപിടിക്കാനൊന്നുമല്ല"

എന്ന് എന്റെ വക്കീല്‍ വാദിക്കുന്നതും രേഖകള്‍ ഹാജരാക്കുന്നതും ഞാന്‍ കേട്ടു. രേഖകളുടെ കൂട്ടത്തില്‍ എന്റെ വീടിരിക്കുന്ന പറമ്പിന്റെ മൂലാധാരവും കീഴാധാരവും ഞാന്‍ കണ്ടു.(അതെന്തിന്‌?)

പിന്നെ തര്‍ക്കങ്ങളും മറുതര്‍ക്കങ്ങലും ഒരുപാട്‌ നടന്നു. ഞാന്‍ ചെവികൂര്‍പ്പിച്ച്‌ പിടിച്ചെങ്ങിലും ശബ്ദം നേര്‍ത്ത്‌ നേര്‍ത്ത്‌ വന്നതുകൊണ്ട്‌ കാര്യമായി ഒന്നും കേട്ടില്ല. പക്ഷെ, ബ്ലോഗെന്നോ മറ്റോ കേട്ടതായി ഓര്‍ക്കുന്നു.

'ദുബായ്‌ ലുലുവില്‍ കിലോക്ക്‌ 75 ഫില്‍സ് നിരക്കില്‍‌ കിട്ടുന്ന ഈ തണ്ണിമത്തന്‍ മോട്ടിക്കാന്‍ ഇക്കണ്ട ദൂരം പോയി അതും പാക്കിസ്താനില്‍ ആണവായുധശാലയില്‍ നുഴഞ്ഞുകയറിയതെന്തിനാണെന്റെ ഈശോയേ' എന്നാലോചിച്ചപ്പോള്‍ എനിക്കൊരെത്തും പിടിയും ലോജിക്കും കിട്ടുന്നില്ല.

അലാറം അടിക്കുംവരെ ഞാനങ്ങിനെ യാതൊരു ലോജിക്കും കിട്ടാതെ കിടന്നു.