സ്ക്രാപ്#1 - ഉമേഷ് മാഷും അനിലേട്ടനും
സീന്‍ നമ്പര്‍: ഒന്ന്
സ്ഥലം: കൊടകരയിലെ എന്റെ 350 സ്ക്വയര്‍ ഫീറ്റില്‍ ടെറസും പിറകില്‍ 550 സ്ക്വയര്‍ ഫീറ്റില്‍ ഓടും മേഞ്ഞ നടപ്പുരയുമുള്ള പടുകൂറ്റന്‍ ബംഗ്ലാവ്.
സമയം: നട്ടപ്പറ ഉച്ച.
ബാലന്‍ കെ നായര്‍ രാത്രിയിലിടുന്ന പോലെയൊരു ചെങ്കല്ല് കളര്‍ ഡ്രസ്സും ചുണ്ടിലൊരു പൈപ്പുമായി എന്റെ അച്ചാച്ഛന്‍ ലൈനിങ്ങുള്ള തുണിയിട്ട ചാരുകസേരയില്‍, ഇംഗ്ലീഷ് സിനിമകളിലെ ലേബര്‍ റൂമില്‍ ഗര്‍ഭിണികള്‍ കിടക്കുന്ന പോലെ കിടക്കുന്നു.
സീന്‍ നമ്പര്‍: രണ്ട്
റേഡിയോയില്‍ കേരളത്തിലെ അഞ്ചോ പത്തോ പേര്‍ക്ക് മാത്രം മനസ്സിലാവുന്ന സംസ്കൃതത്തിലുള്ള വാര്‍ത്ത നടന്നുകൊണ്ടിരിക്കുന്നു.
എന്റെ വീട്ടിലെ പുണ്യ പുരാതന ഡൈനിങ്ങ് ടേബിളും, വിരുന്നുകാര്‍ വരുമ്പോള്‍ മാത്രം തുടക്കുകയും ഇരിക്കുകയും ചെയ്യുന്ന ആറ് കസേരകളും.
ഇങ്ങേത്തലക്കല്‍ ഞാന്‍ ഇരിക്കുന്നു.
എനിക്ക് നേരെ ഇരിക്കുന്നത് ബ്ലോഗിലെ താരം, ശ്രീ. ഉമേഷ് മാഷ്. തൊട്ടടുത്ത് നമ്മുടെ വൈശാഖിരിക്കുന്നു, അതിനടുത്ത സീറ്റില്‍ വൈശാഖിന്റെ അമ്മ.
ഉമേഷ് മാഷ് നീല സ്ട്രിപ്സോടു കൂടിയ പട്ടിനാക്ക് കോളര്‍ വെള്ള ഷര്‍ട്ടും 56 ഇഞ്ച് ബെല്‍ബോട്ടം പാന്റുമാണ് ധരിച്ചിരിക്കുന്നത്. ടൈ കെട്ടിയിട്ടില്ല.
ഭക്ഷണം കൊണ്ടുവരുന്നത് എന്റെ അമ്മയാണോ അതോ സോനയാണോ എന്ന് വ്യക്തമല്ല, എന്തായാലും അച്ഛനല്ലാ!
'തന്റെ മലയാളം വളരെ വീക്കാണെഡോ' എന്ന് സംസാരത്തിനിടക്ക് ഉമേഷ് മാഷ് പറഞ്ഞതെനിക്കോര്‍മ്മയുണ്ട്. വേറൊന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല.
സീന്‍ നമ്പര്‍: മൂന്ന്
ഭക്ഷണം കഴിഞ്ഞ് കൈ കഴുകി, ഉമേഷ് മാഷും ഞാനും അനിലേട്ടനും കൂടെ പുറത്തോട്ടിറങ്ങി. (അനിലേട്ടന്‍ എപ്പോള്‍ എങ്ങിനെ വന്നു എന്നതിനെക്കുറിച്ച് യാതൊരു പിടിപാടുമില്ല.)
പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ നിന്നത് പഴയ ദുബായ് സിനിമയുടെ ഫ്രണ്ടിലായിരുന്നു.
ഉമേഷ് മാഷ് എന്നോട് ചോദിക്കുന്നു:
എവിടെ യാണ് ഈ ഹോര്‍ അല്‍ അന്‍സ് ബ്രിഡ്ജ്?
ഞാന്‍ ആലോചിച്ചപ്പോള്‍ ഹോര്‍ലന്‍സില്‍ അങ്ങിനെയൊരു ബ്രിഡ്ജില്ല.
ഞാന്‍ മറുപടി കൊടുത്തു.
ഏയ്, ഉമേഷ് മാഷെ, ഇവിടെ ബ്രിഡ്ജൊന്നുല്ല്യ.
അപ്പോള്‍ അനിലേട്ടന്‍ പറയുന്നു. 'ദാ കാണുന്നതാണ് ഹോര്‍ലെന്‍സ് ബ്രിഡ്ജ്!'
ഞാന്‍ നോക്കിയപ്പോള്‍ ഒരു ബില്‍ഡിങ്ങിന്റെ മുകളീന്ന് വേറൊരു ബില്‍ഡിങ്ങിന്റെ മുകളിലേക്ക് ഒരു തെങ്ങ് വെട്ടി കുറുകെ വച്ചിരിക്കുന്നു!!
ഉമേഷ് മാഷ് 'ഇതൊന്നും അറിയില്ലല്ലേ' എന്ന ഭാവേനെ എന്നെ പുഛത്തില്‍ നോക്കി.
അപ്പോള്‍ ഉമേഷ് മാഷുടെ അടുത്ത ചോദ്യം.
ഇവിടെ എവിടെയാ ദുബായ് ആര്യഭവന്‍ ഹോട്ടല്‍??
ആര്യഭവനോ???
ഞാന്‍ നിന്നു ചമ്മലാല്‍ ചൂളി. അതും അറിയില്ല.
ഈശ്വരാ ഈ മൊതല്‍ അമേരിക്കയിലാണെന്ന് പറഞ്ഞിട്ട് ഇവിടെയുള്ള പാലങ്ങളെയും ഹോട്ടലുകളെയും കുറിച്ച് നല്ല പിടിപാടാണല്ലോ? നമ്മള്‍ പത്ത് കൊല്ലമായി ഇവിടെ ചരച്ചിട്ടും നമ്മള്‍ക്കൊരെണ്ണം പോലും അറിയുമില്ല! നാണക്കേട്.
ഇവിടെയും അനിലേട്ടന്‍ തന്നെ രക്ഷ.
'ദാ അതാണ്' എന്ന് ചൂണ്ടി കാണിച്ചുകൊടുത്തപ്പോള്‍ ഉമേഷ് മാഷ് പറയുന്നു.
എന്നാ നമുക്ക് അവിടെ നിന്നെങ്കിലും കഴിക്കാം.
ആര്യഭവനില്‍ കയറി ഉമേഷ് മാഷ് ഇങ്ങിനെ ഓര്‍ഡര്‍ ചെയ്തു.
'ഞങ്ങള്‍ക്ക് കടുപ്പത്തില്‍ രണ്ട് ചായ, എന്നെ നോക്കി, ഇവന് ഒരു പാലും വെള്ളം. കഴിക്കാന്‍ ഇവിടെ രണ്ട് ബോണ്ടയും ഇവന് ഒരു പഴമ്പൊരിയും. മൊത്തം എന്റെ പറ്റില്‍ എഴുതിയേര്..!!'
‘അവര്‍ക്ക് ബോണ്ടയും നമ്മക്ക് പഴമ്പൊരിയും.‘ അത് മോശായിപ്പോയി. ഞാന്‍ പക്ഷെ, നീരസം പുറമേ കാണിച്ചില്ല.
പക്ഷേ, അമേരിക്കയിലുള്ള ഉമേഷ് മാഷിന് ദുബായിലെ ചായക്കടയില്‍ പറ്റോ???
ആലോചിച്ചാലോച്ച് യാതൊരു എത്തും പിടിയും കിട്ടുന്നില്ല.
ഹൌ കം?
ഹൌ കം?
ഹൌ കം?
ടര്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.....
പിന്നെ സീനുകളൊന്നും കാണാന്‍ പറ്റിയില്ല അപ്പോഴേക്കും അലാറം അടിച്ചിരുന്നു.


51 Comments:
ഈ സ്വപ്നം ഞാന്‍ കണ്ടതാണ്.
കാര്യമായ മോഡിഫിക്കേഷനും കയ്യീന്ന് ചേര്‍ക്കലും ഉണ്ടായിട്ടില്ല.
ഈ സ്വപ്നം പ്രിയ ഉമേഷ് മാഷുക്കും അനിലേട്ടനും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.
ഹാ ഹാ
"ഞാന്‍ നോക്കിയപ്പോള്‍ ഒരു ബില്‍ഡിങ്ങിന്റെ മുകളീന്ന് വേറൊരു ബില്‍ഡിങ്ങിന്റെ മുകളിലേക്ക് ഒരു തെങ്ങ് വെട്ടി കുറുകെ വച്ചിരിക്കുന്നു!!"
എനിക്ക് വയ്യായ്യേ.. പട്ടിനാക്ക് കോളര്‍ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റുമിട്ടുകൊണ്ട് നില്‍ക്കുന്ന ഉമേഷ്‌ജിയെ സ്വപ്നം കാണണമെങ്കില്‍ വിശാലനെ പറ്റൂ. ആ സ്വപ്നം കണ്ട് പനിച്ചില്ലെങ്കില്‍ വിശാലന് വീരശിരോമണിപ്പട്ടം.
തകര്‍ത്തു. സ്വപ്‌നബ്ലോഗ് ഒരു നൂതന ഐഡിയ.
ഉമേഷ്ജിയുടെ സംസാരം മൊത്തം കേട്ടിട്ടും ഞെട്ടിയുണര്‍ന്നില്ലേ സ്വപ്‌നത്തില്‍ നിന്നും? എന്തായാലും അനില്‍ജി കൂടെയുണ്ടായിരുന്നത് നന്നായി. ബോധം കെട്ടാല്‍ തന്നെ പിടിക്കാന്‍ ആളുണ്ടായിരുന്നല്ലോ.
(ഉമേഷ്‌ജീ.. സെറ്റിലു ചെയ്യാം സെറ്റിലു ചെയ്യാം )
ടെസ്റ്റിങ്ങ്..
ഇതിലേതു സീൻ കഴിഞ്ഞപ്പൊളാ കള്ളൻ വെള്ളമടിച്ഛൂന്ന് വിളിച്ച് കൂവിയത് ;)
വിശാലോ, തകര്‍ത്തു!
സ്വപ്നം കണ്ടപ്പോ, ആ ബോണ്ടയും പഴമ്പൊരിയും കൊണ്ടു വന്നവന്റെ മോന്ത കണ്ടപ്പോ എന്റെ ഛായ തോന്നിയെന്നൊന്നും എഴുതീല്ലല്ലോ ! നന്ദി ! ഈശ്വരോ രക്ഷതു !
എന്നാലും എന്റെ ഗെഡീ ! എന്തരു വിവരണങ്ങള്‍ ! കിടിലന്‍ ! പുതിയ സ്വപ്നക്കൂട് ബ്ലോഗ് കൊള്ളാം ! ഇനിയും നല്ല മസാല സ്വപ്നങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് !
ഉമേഷ്ജീ ഈ സ്വപ്നത്തെ പറ്റി ഇന്നെലേയും ഏതോ ഒരു ബ്ലോഗില്‍ കമന്റായി എഴുതീരുന്നു ! ഇപ്പഴാ അതിന്റൊരു ടെക്കനിക്ക് ക്ലിക്കിയത് !
വിശാലോ സ്വപ്നം കൊള്ളാലോ? ഹോര്‍ അല്‍ അന്‍സ് ബ്രിഡ്ജ് എനിക്ക് രൊമ്പ പിടിച്ചു. ഒരു ബില്‍ഡിങ്ങീന്ന് മറ്റൊരു ബില്‍ഡിങ്ങിലേക്ക് കെട്ടിവച്ചിരിക്കുന്ന തെങ്ങ്.
ഉമേഷ്ജീയുടെ വസ്ത്രധാരണ രീതി അതിലേറെ ഇഷ്ടപെട്ടു. ഇലന്തൂര്‍ ഗുരുക്കള്‍ ഇന്നെന്തായാലും അദ്ധേഹത്തിന്റെ ഒരു പടം പോസ്റ്റ് ചെയ്യാനുള്ള സാധ്യത കാണുന്നു.
"എന്റെ അച്ചാച്ഛന്‍ ലൈനിങ്ങുള്ള തുണിയിട്ട ചാരുകസേരയില്‍, ഇംഗ്ലീഷ് സിനിമകളിലെ ലേബര്‍ റൂമില്‍ ഗര്‍ഭിണികള്‍ കിടക്കുന്ന പോലെ കിടക്കുന്നു."
ഞാന്‍ വായിച്ചിട്ടുള്ളതിലേക്കും വച്ച് ഏറ്റവും സൂപ്പര്‍ ഒരുപമ!!!
വിശാല്‍ജി ചുമ്മാതെയാണോ ഗ്രേയ്റ്റ് ആവുന്നത്!!!!
നമിച്ചു നമിച്ചു.. :-)
സ്വപ്നം സൂപ്പര്‍..പക്ഷേ ആ ഉപമ...അപാരം അപാരം..ഹോ! :-)
വീട്ടിലായതു കൊണ്ട് ഉറക്കെ പൊട്ടിച്ചിരിക്കാന്‍ കഴിഞ്ഞു, ആ ബെല്‍ബോട്ടം പാന്റില്‍ ഉമേഷണ്ണനെ,ആനപ്പുറത്തൂന്ന് ചാടിയിറങ്ങി ആ ജയന്‍ സ്റ്റൈലില്‍ ഉള്ള നില്‍പ്പും !!
അനിലേട്ടന്റെ ഡ്രസ് ?? ഇരിക്കട്ടെ ഒരു ജുബ്ബയും തോള്‍സഞ്ചിയും !!
അപ്പോള്‍ ഇനി വിശാലന്‍ സ്വപ്നം കാണുന്നതും പേടിച്ചിരിക്കണം ;)
ഒന്നൊന്നര സ്വപ്നം വിശാലാ.
എന്റമ്മോ! ഇത്രേം കോമഡി സ്വപ്നങ്ങള്‍ കാണുന്ന ആരും എന്റെ പരിചയത്തിലില്ലേ!
സത്യമായുമെനിക്ക് എന്ത് കമന്റാ വയ്ക്കണ്ടതെന്നറിയില്ല വിശാലാ!
ചിരിച്ച് ചിരിച്ച് വശക്കേടായി!
(ആ തെങ്ങ് കെട്ടി വച്ചേക്കുന്ന സീന്‍ ഞാനൊന്ന് സങ്കല്‍പ്പിച്ചുനോക്കി!)
ഉമേഷേട്ടനും അനിലേട്ടനും ഇപ്പഴ് ഉറങ്ങുന്ന സമയമാ! 2 പേരും ഇതൊന്നും അറിയാതെ സുഖ നിദ്രയിലാ!
സ്വപ്നത്തിലെങ്കിലും ഒന്നു താങ്ങായിരുന്നില്ലെ?. അവസരം കളഞ്ഞു കുളിച്ചു.
ബഷീറിന്റെ പൂവന്‍ പഴം പോലെ. സില്‍ക് കഥയെടുത്തു മേശയില്‍ വക്കുക.
എന്നിട്ടു ചോദിക്കുക ലോകത്തിലെ എറ്റവും നല്ല കഥ ഏതു- ഉത്തരം സില്‍കെന്നു പറയുന്നതു വരെ......
രണ്ടു- ഇതില്‍ എന്തെങ്കിലും അക്ഷര പിശകൊ വ്യാകരണ പിശകൊ ഉണ്ടോ?. ഇല്ലെന്നു പറയുന്നതു വരെ.......
ഉമേശന്‍ സാറിനെ നാട്ടിലും ദുബായിയുീലും കയ്യില്‍ കിട്ടിയിട്ടു ... കളഞ്ഞു കുളിച്ചു അവസരം.
സ്വപ്നങ്ങള്‍ എനിക്കിഷ്ടം ആണ്. പക്ഷെ നല്ല സ്വപ്നങ്ങളേക്കാളും വിചിത്രവും ഭീകരവും ആയ സ്വപ്നങ്ങള്‍ തേടിയെത്തും. ചില സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥങ്ങള്‍ ഉണ്ടാകുമ്പോള്‍ പകച്ചുനില്‍ക്കേണ്ടിയും വന്നിട്ടുണ്ട്. വിചാരിക്കാത്തതാണ് സ്വപ്നത്തില്‍ എത്തുക എന്നും കേട്ടിട്ടുണ്ട്. വിശാലന്റെ സ്വപ്നം നന്നായി. സ്വപ്നത്തിലെങ്കിലും പഴംപൊരി കിട്ടിയല്ലോ ;)
കൊള്ളാം വിശാലാ.. ഉപമകള്‍ അപാരം. ഇത് സ്വപ്നം തന്നെ എന്ന് വ്യക്തം. ഇങ്ങനെ പരസ്പരവിരുദ്ധമായി ഹോര്‍ലന്‍സ്സില്‍ ബ്രിഡ്ജും ഉമേഷ്ജിയ്ക്ക് പറ്റും സ്വപ്നത്തിലേ കാണാന്‍ പറ്റൂ. ഏതായാലും ഉമേഷ്ജിയുടെ പദ്യപാരായണം കേട്ട് ഞെട്ടിയുണരാഞ്ഞത് ഭാഗ്യം.
ഓഹോ. ഇത്രേം കണക്റ്റിവിറ്റിയൊക്കെയുള്ള സ്വപ്നമായിരുന്നോ അത്?
ആ ഓട്ടലും പാലോമൊന്നും ഞാന്‍ കേട്ടിട്ടില്ലാത്ത സംഭവങ്ങളാണല്ലോ. ഹോര്‍ അല്‍ അന്‍സ് ട്രാഫിക് സൈനിലൊക്കെ കണ്ടിട്ടേയുള്ളൂ. സ്ഥലം അറിയില്ല. ഈ ഉമേഷ്‌ജീന്റെ നാളജ് അതി പയങ്കരം തന്നെ ;)
വിശാലാ, വ്യാഘ്രമേ, നിങ്ങളു സ്വപ്നം കണ്ടാലും നല്ല ചേലാണു്.
എനിക്കുണ്ടായ ഒരതിശയ സ്വപ്നം പറയാം കേട്ടോ. സാധനം ഓഫ് ടോപിക്കായിരിക്കും എന്നാലും പറയാന്‍ മുട്ടീട്ടു വയ്യ.
ഞാന്‍ ദുബായിലെ ഒരു രാത്രിയില്‍ കണ്ടതാണിതു്.
രംഗം നാട്ടില്‍ എന്റെ വീടു്. ഞാനൊരു കട്ടിലില്‍ ഇരിക്കുന്നു അമ്മ തൊട്ടടുത്തു കിടക്കുന്നു. പുള്ളിക്കാരി രോഗശയ്യയിലാണു്( ശരിക്കും). എന്റെ പാസ്പോര്‍ട്ടു് കാണാനില്ല. അമ്മ എഴുന്നേറ്റിരുന്നു. എവിടെയാടാ അതു മറന്നു വച്ചതു്. അല്ലെങ്കിലും നിനക്കു് ഭയങ്കര മറവിയാണു്( ഇതും സത്യം) എന്നെല്ലാം പറയുന്നു. തെളിവിലേക്കായി ഞാന്‍ SSLC ബുക്കു് മറന്നുവച്ച കഥയും മറ്റും ഉദ്ധരിക്കുന്നു.
"ആ വലിപ്പിലോ മറ്റോ ഉണ്ടോന്നു് നോക്കൂന്നു്' അച്ഛനോടാണു്.
അച്ഛന്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തെരച്ചിലാരഭിക്കുന്നു. ഞാന്‍ പതുക്കെ പാസ്പോര്‍ട്ടു് എപ്പോഴാണു് അവസാനമെടുത്തതു എന്നാലോചിക്കുന്നു.
അതു് അല്‍ക്കിന്ധി( ഞാനന്നു് പണിയെടുത്തിരുന്ന കമ്പനി)യില്‍ കൊടുക്കാന്‍ വേണ്ടിയായിരുന്നല്ലോ? അവിടുന്നു് തിരികേ വാങ്ങിയിരുന്നോ? ഹേയ് തിരികെ വാങ്ങണമെങ്കില്‍ അപ്ലിക്കേഷന്‍ കൊടുക്കേണ്ടേ? ആഹാ! പാസ്പോര്‍ട്ടു് വാങ്ങാതെ ഞാനെങ്ങനെ ഇവിടെത്തി? ഇപ്പോള്‍ എല്ലാം മനസ്സിലായി. പകല്‍ പോലെ വ്യക്തം. ഇതിതിനു മുന്‍പും ഉണ്ടായിട്ടുണ്ടു്. ഞാന്‍ സ്വപ്നം കാണുകയാണു്.
പതം പറഞ്ഞു കൊണ്ടിരുന്ന അമ്മയോടു് ഞാന്‍ പറഞ്ഞു. അമ്മാ സാരമില്ല പാസ്പോര്‍ട്ടു് പോയിട്ടൊന്നുമില്ല. ഇതു വെറും സ്വപ്നമാണു്. വ്യാകുല മാതാവിനും കാര്യം മനസ്സിലായി. അവര്‍ ആശ്വസിച്ചു. പിന്നെ പതുക്കെ കിടക്കയിലേക്കു് ചാഞ്ഞു.
----------
അപ്പോ നാളെ കാണാം ബൈ ബൈ
ഇതിലേക്കൊരു മെമ്പെര്‍ഷിപ്പു വേണ്ടി വരും, കാരണം അതിവിചിത്രങ്ങളായ സ്വപ്നങ്ങള്‍ എന്റെയും ഹോബിയാണേ..
സ്വപ്നതില്‍ ഞാന്‍ കണ്ടിട്ടുള്ളത് കുട്ടിയേടത്തി ആന്‍ഡ് ഫാമിലിയേയും(ഹന്നമോള്‍ എന്റെ കയ്യീന്നു മാറുന്നില്ലായിരുന്നു :) ) സു വിനേയും ആണ്.
ഹഹഹഹാാാാ...
ഏതായാലും വിശാലന്‍ ഞെട്ടിയുണര്‍ന്നത് അലാറമടിച്ചായിരിക്കില്ല. ഉമേഷ്ജീ ഒരു കവിത ചൊല്ലിക്കാണണം :) :)
ഓഫ് ടോപിക്:
രാത്രി ഏറെ വൈകി ഹന്നമോള്‍ ഉറക്കം പിടിക്കുന്നു. പിതാശ്രീ കമ്പ്യൂട്ടറിനു മുന്നിലിരുന്നാല്‍ സ്ക്രീനിന്റെ വെട്ടം തപ്പിപ്പിടിച്ച് അവളിവിടെയെത്തും. അതുകൊണ്ട് അവള്‍ ഉറങ്ങുന്നതുവരെ വെറുതെ ഉറക്കറയിലെത്തി. അപ്പോ മാതാശ്രീ കഥ പറഞ്ഞു തുടങ്ങുന്നു.
ഒരിടത്ത് കുട്ടൂസന്‍ എന്നൊരു അപ്പൂപ്പനുണ്ടായിരുന്നേ. അപ്പൂപ്പന് ഡാകിനിയമ്മൂമ്മ എന്നൊരു ഫ്രണ്ടുണ്ടായിരുന്നേ. അവര്‍ക്ക് ലുട്ടാപ്പി എന്നൊരു കുട്ടിച്ചാത്തനുണ്ടായിരുന്നേ...ലുട്ടാപ്പിക്കൊരു കുന്തമുണ്ടായിരുന്നേ..എന്നിട്ടൊണ്ടല്ലോ മോളേ ഒരു ദിവസം ലുട്ടാപ്പി നമ്മുടെ ബ്ലോഗില്‍ കേറിയേ..എന്നിട്ട് നമ്മുടെ വിശാലന്റെ ബ്ലോഗിലും കേറിയേ...ങ്ഹേ, പിതാശ്രീ ഞെട്ടുന്നു. ഇങ്ങനെയൊരു കഥ കേട്ടിട്ടില്ലല്ലോ. മാതാശ്രീക്കൊരു തട്ട്. അതാ കഥ. കഥയുടെ ബ്ലോഗുഭാഗം ഉറക്കത്തില്‍ മൊഴിഞ്ഞതാ. പാവം ഹന്നമോള്‍ ബാക്കികേള്‍ക്കാന്‍ നില്‍ക്കാതെ അവളുറങ്ങി. ഞാനേതായാലും ഇനി ഞെട്ടുന്നില്ല, എവിടെവരെ പോകുമെന്നറിയാല്ലോ :)
അപ്പോ മാതാശ്രീക്കു മാത്രമല്ല, വിശാലനും ബിന്ദു ഓപ്പോളിനുമുണ്ടല്ലേ ഈ അസുഖം. ദേവന്‍ പറഞ്ഞതെത്രശരി. ശിവ ശിവ
വിശാലാ ഉമേഷ്ജി അമേരിക്കയിലാണെന്നു കരുതി ദുബായ് അറിയില്ലെന്നു കരുതേണ്ടാ. ഒന്നൊന്നരക്കൊല്ലം മുമ്പ് എടോ ഞാന്‍ മോണോലിസയില്‍ വന്നിരുന്നു, ഷാര്‍ജയിലെ എന്നൊക്കെ പറഞ്ഞൊരു മെയില്‍ വന്നിരുന്നു എനിക്കു്. അന്നു മൂപ്പര്‍ക്ക് ഞാന്‍ ഇവിടാന്നു അറിയുമായിരുന്നില്ല. ഉമേഷ്ജിയുടെ സിസ്റ്റര്‍ ഭൂഗോളത്തിലെ ഈ ഭാഗത്തെവിടെയോ ആണു താമസമെന്നു തോന്നുന്നു.
താരമഹാരാജാവെ, ഈ മാതിരി സ്വപ്നങ്ങള്‍ ഒക്കെ കാണാനും അതിവിടെ എഴുതി വെക്കാനും ഒക്കെ അങ്ങേയ്ക്കു മാത്രമേ കഴിയൂ... :)
വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദിയോടുനന്ദി.
വീരപ്പനെ പിടിക്കാന്‍ പോയതും
ദുബായില്‍ വാട്ടര്‍ ടാങ്ക് ആമ്മാമ്മയുടെ മലമ്മല്‍ മുണ്ട് ചുരുട്ടി വച്ച് അടച്ചതും
ഷേയ്ക്കിന്റെ മോളെ രക്ഷപ്പെടുത്താന്‍ കമാന്റോ ഓപ്പറേഷന്‍ നടത്തിയതും
മോഹന്‍ലാലിന്റെ കൂടെ ഷൂട്ടിങ്ങിന് ചന്ദ്രനില്‍ പോയി അവിടന്ന് സുലൈമാനി കുടിച്ച് തിരിച്ച് പോന്നതും ആനയുടെ കലിന്മേല്‍ ലാടം അടിച്ചപ്പോള്‍ ആന ‘ഓ, എന്തൊരു വേദന ഇഷ്ടാ’ എന്ന് പറഞ്ഞതും ഉള്‍പെടെ ഒരു പാട് സ്വപനങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
അതൊന്നെഴുതിയിടാന്‍ മോഹമുണ്ട്. ആരെയും ഒരുകാരണവശാലും ഹര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. അഥവാ ഹര്‍ട്ടായാല്‍ ദയവു ചെയ്ത് എന്നെ അറിയിച്ചാല്‍ ഞാന്‍ ആ പോസ്റ്റ് ഡിലീറ്റിക്കോളാം.
പി.സ്: ഉമേഷ് മാഷിന്റെ കമന്റ് കാണാഞ്ഞതില്‍ എന്തോ ഒരു വിഷമം.
വിശാലോ പേടിക്കാതെ, ഉമേഷ്ജീ വീക്കെന്‍ഡായതുകൊണ്ട് എരുമേ കുളിപ്പിക്കുന്ന തെരക്കിലാ. എരുമത്തൊഴുത്തിലെ കമ്പ്യൂട്ടറില്‍ യുണിക്കോഡൊന്നുമില്ല.
..ലുട്ടാപ്പിക്കൊരു കുന്തമുണ്ടായിരുന്നേ..എന്നിട്ടൊണ്ടല്ലോ മോളേ ഒരു ദിവസം ലുട്ടാപ്പി നമ്മുടെ ബ്ലോഗില്‍ കേറിയേ..എന്നിട്ട് നമ്മുടെ വിശാലന്റെ ബ്ലോഗിലും കേറിയേ...ങ്ഹേ!!!!
അതു കലക്കി!
വിശാലനൊരു ലൂസിഡ് ഡ്രീം ചെയ്യുന്ന ടീമാണോ? എന്റെ മുതലാളിയുടെ ഇപ്പോഴത്തെ ഹോബി അതാണ്. മയക്കുമരുന്നിന്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കോസ്റ്റ്-എഫക്റ്റീവ് എന്ന് കക്ഷിയുടെ വാദം. എന്തായാലും എനിക്കീ പണിയറിയില്ല.
:-)
:-) - durga.
വിശാലോ,
വീക്കെന്‍ഡില്‍ ഓരോ തിരക്കായിപ്പോയി. പോയ വഴിക്കു കിട്ടിയ കമ്പ്യൂട്ടറിലൊക്കെ മലയാളം വായിക്കാന്‍ പറ്റിയെങ്കിലും എഴുതാനുള്ള സൂത്രമൊന്നും ഇല്ലായിരുന്നു. അതാ എഴുതാന്‍ വൈകിയതു്.
എന്നാലും എന്നെപ്പറ്റി ഇത്ര കൃത്യമായി എങ്ങനെ സ്വപ്നം കണ്ടു? പട്ടിനാക്കു കോളറും ബെല്‍ബോട്ടം പാന്റ്സും (പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ഇതായിരുന്നു വേഷം. 32 ഇഞ്ചില്‍ക്കൂടുതല്‍ ബെല്‍സ് ഇട്ടിട്ടില്ല), "ഇതൊന്നും അറിയില്ലല്ലേ" എന്ന ഭാവേന പുച്ഛത്തിലൊരു നോട്ടവും. എല്ലാം കറക്ട്!
ഹോട്ടല്‍ വെജിറ്റേറിയന്‍ അല്ലായിരുന്നെങ്കില്‍ "എവനു് ആറു മുട്ട പുഴുങ്ങിയതു കൊടുക്കടേ" എന്നു പറഞ്ഞേനേ. അതില്ലായിരുന്നതുകൊണ്ടു് തല്‍ക്കാലം പഴംപൊരി തിന്നു് അവിടെയിരിക്കു്. ബോണ്ടാ എന്നെയും അനിലിനെയും പോലുള്ള മാന്യന്മാര്‍ക്കു്.
അപ്പോള്‍ ദുബായിയില്‍ വരുമ്പോള്‍ അനിലിന്റെ കൂടെ കൂടുന്നതാണു ബുദ്ധി എന്നര്‍ത്ഥം. ഹോര്‍ അല്‍ അന്‍സ് ബ്രിഡ്ജും ആര്യഭവന്‍ ഹോട്ടലും പോലും അറിയാത്ത എവന്റെ കൂടെ ദുബായി കാണാന്‍ പോയാലത്തെ സ്ഥിതി ആലോചിക്കാന്‍ പോലും വയ്യ. എവന്‍ വഴി പറഞ്ഞുകൊടുത്തിട്ടു് ആ കണ്ണൂസ് എവിടെച്ചെന്നുപെട്ടോ എന്തോ?
എന്നാലും, കൊടകര പുരാണം പുസ്തകമാക്കാന്‍ നോക്കിയപ്പോള്‍ അതില്‍ അക്ഷരത്തെറ്റുകളുണ്ടെന്നു പറഞ്ഞതിനു് ഞാന്‍ ഒരു പേടിസ്വപ്നമായി വരുമെന്നു വിചാരിച്ചില്ല. എന്റെ ഭാര്യ പോലും എന്നെ സ്വപ്നം കാണാറില്ല. (പേടിച്ചു് ഉണരാതിരിക്കാന്‍ വേണ്ടിയാവും). അവളുടെ സ്വപ്നങ്ങളില്‍ ലോകത്തിലെ ഒരുമാതിരിപ്പെട്ട ആളുകള്‍ മുഴുവനും വരുമെങ്കിലും ഞാന്‍ ഉണ്ടാവാറില്ല!
പുലര്‍കാലസ്വപ്നം ഫലിക്കുമെന്നല്ലേ വിശ്വാസം. ഫലിക്കട്ടേ. നാട്ടില്‍ വരുമ്പോള്‍ വിശാലന്റെ വീട്ടില്‍ വരാനും, മടക്കയാത്രയില്‍ വിശാലനെയും അനിലിനെയും ബാക്കി എല്ലാവരെയും കാണാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. നടക്കുമോ എന്തോ?
പെരിങ്ങോടാ, ഈ ഓര്‍മ്മശക്തിയുമായി പെണ്ണുകെട്ടിയാല്‍ തന്റെ ജീവിതം കട്ടപ്പൊഹ. എന്റെ പെങ്ങള്‍ വീടിനടുത്തുള്ള പോസ്റ്റോഫീസുകളില്‍ കഴിഞ്ഞ 22 വര്‍ഷമായി ഗുമസ്തയാണു്. വലിയ പണി വരുമ്പോള്‍ ശമ്പളമില്ലാത്ത അവധിയെടുത്തും പണി ഇല്ലാത്തപ്പോള്‍ കഠിനാദ്ധ്വാനം ചെയ്തും സര്‍ക്കാരിനെ സേവിക്കുന്നു. ദുബായി എന്നതു് "ദുബായി" എന്ന സിനിമയിലെ തത്രഭവതി കണ്ടിട്ടുള്ളൂ. എന്റെ ഭാര്യയുടെ ഒരു കസിന്‍ ആണു ഷാര്‍ജയില്‍. "എന്റെ ലോക"ത്തിലെ ഏതോ ഒരു കമന്റില്‍ ഇതും "ബ്രിട്ട്‌നിയുടെ നാട്ടില്‍ എട്ടാഴ്ച" എന്ന പുസ്തകത്തിന്റെ പരസ്യവും കാണാം.
ഷാര്‍ജയിലെ കസിന്റെ വീടു നില്‍ക്കുന്ന ബഹുനിലക്കെട്ടിടത്തിന്റെ (വിശാലന്‍ അങ്ങോട്ടൊന്നും പോകണ്ടാ. ലിഫ്റ്റുണ്ടു്) പുറകില്‍ കാറുകള്‍ മത്തി അട്ടിയിട്ടിരിക്കുന്നതുപോലെ തലങ്ങും വിലങ്ങും പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു മൈതാനമുണ്ടു്. അതിനുമപ്പുറത്താണു മോണാലിസ. അവിടെ ഞാന്‍ പോയിട്ടില്ല, കണ്ടിട്ടേയുള്ളൂ. വീടിന്റെ മുമ്പില്‍ നിന്നു് പാര്‍ക്കിലേക്കു തിരിഞ്ഞു നിന്നാല്‍ വലത്തു വശത്തു് ഒരു റോഡും അതിനപ്പുറത്തു് ഒരു സൂപ്പര്‍മാര്‍ക്കറ്റും ഉണ്ടു്. പേരു മറന്നു പോയി. L എന്ന അക്ഷരത്തില്‍ തുടങ്ങുന്നു എന്നു തോന്നുന്നു. അവിടേയ്ക്കു റോഡു ക്രോസ്സു ചെയ്യാന്‍ ഭൂമിക്കടിയിലൂടെ ഒരു പാതയുമുണ്ടു്. അവിടെയായിരുന്നു കമ്പ്ലീറ്റ് ഷോപ്പിംഗ്. ഷോപ്പിംഗ് എന്നു വെച്ചാല്‍ കടകള്‍ കയറിയിറങ്ങി വില നോക്കി അന്തം വിട്ടു തിരിച്ചുപോരുക. സല്‍മാന്‍ ഖാന്റെ പടം വെച്ചിരിക്കുന്ന ഇലക്ട്രോണിക്സ് കടയും, ഷോപ്പിംഗ് കാര്‍ട്ട് കൊണ്ടുപോകാവുന്ന എസ്കലേറ്ററും, അതില്‍ കയറി മുകളില്‍ ചെന്നാല്‍ പിള്ളേരെ പറ്റിക്കാന്‍ വേണ്ടി ഒരു താടക ഒരു വിമാനവും പറത്തി നില്‍ക്കുന്ന കടയും, വലത്തു വശത്തുകൂടി തിരിഞ്ഞാല്‍ പിറ്റ്സാ ഹട്ടും മറ്റുമുള്ള ഭക്ഷണശാലയും മറ്റും മറ്റും. അവിടെ ഒരു കടയില്‍ നിന്നേ സാധനം വാങ്ങിയുള്ളൂ. മലയാളം സീഡികള്‍ കൂട്ടിയിട്ടിരിക്കുന്ന, തുണിയും ഷൂസും മറ്റു് അല്ലറചില്ലറസാധനങ്ങളും കിട്ടുന്ന ഒരു വലിയ കട.
എന്റെ ദുബായി ഇതു മാത്രം. ഇനി വരുമ്പോള്‍ നിങ്ങളുടെ കൂടെ വേണം എല്ലാം കാണാന്‍. ആരാ ആ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നൊരു പഴം പൊരി വാങ്ങിത്തരുന്നതു്?
വിശാലോ, ഇത്രയൊക്കെ പോരേ? പരിഭവം മാറിയോ? "എന്നോടെന്തിനീപ്പിണക്കം..." :-)
P.S.: ഈ ഹെഡ്‌മാഷിനു നാണമില്ലേഎരുമയെ കുളിപ്പിക്കുന്നിടത്തു് ഒളിഞ്ഞുനോക്കാന്‍? ഛായ്, ലജ്ജാവഹം... :-)
“അതിനപ്പുറത്തു് ഒരു സൂപ്പര്‍മാര്‍ക്കറ്റും ഉണ്ടു്. പേരു മറന്നു പോയി. L എന്ന അക്ഷരത്തില്‍ തുടങ്ങുന്നു എന്നു തോന്നുന്നു. അവിടേയ്ക്കു റോഡു ക്രോസ്സു ചെയ്യാന്‍ ഭൂമിക്കടിയിലൂടെ ഒരു പാതയുമുണ്ടു്. അവിടെയായിരുന്നു കമ്പ്ലീറ്റ് ഷോപ്പിംഗ്...”
ഭൂമിക്കടിയിലുള്ള പാതയിലല്ലായിരുന്നു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ഷോപ്പിംഗ്. ആ ആദിത്യനോ മറ്റോ കാണുന്നതിനു മുമ്പു തിരുത്തട്ടേ. എല്‍ജിയാണെങ്കില്‍ ഒരു ഗോള്‍ മടക്കാന്‍ തക്കം പാര്‍ത്തു നടക്കുകയുമാണു് :-)
ഉമേഷെ, പ്രായപൂര്‍ത്തിയൊക്കെയായി (എന്നെക്കുറിച്ചു യൂയേയീ മീറ്റില്‍ ചിലര്‍ നടത്തിയ ദുഷ്‌പ്രചരണം ഈ പറഞ്ഞ സംഭവം എനിക്കായിട്ടില്ല എന്നായിരുന്നു) ഇനിയൊരു കല്യാണം കഴിച്ചാലോ എന്നു ആത്മാര്‍ത്ഥമായി ആലോചിക്കുന്നതു രാവിലെ വൈകി എഴുന്നേല്‍ക്കുമ്പോഴും, അലക്കുവാന്‍ തുണികാണുമ്പോഴുമാണു് [ഈ സോക്സ്, തോര്‍ത്തുമുണ്ട്, ഇത്യാദികള്‍ ലാണ്ടറിക്കാര്‍ എടുക്കില്ലല്ലോ ;)]
ഇതുവായിച്ചു ഞാനൊരു എംസീപ്പി ആണെന്നു ആരെങ്കിലും പറഞ്ഞാല്‍ ‘അടിച്ചു അട്ടത്തു കേറ്റും’
ഓര്‍മ്മശക്തിയില്‍ ‘ഒന്നരക്കൊല്ലം’ ശരിയായി വന്നുവോ :D
umeshji
u worked with TCS mumbai sometimes?
2005 ഏപ്രില്‍ ഒന്നാം തീയതി (!) ഞാന്‍ സമകാലികത്തിലെ ഭാഷ മരിക്കുമ്പോള്‍ എന്ന പോസ്റ്റിനിട്ട കമന്റിലാണു പ്രസ്തുതസംഭവം. അതിനും രണ്ടാഴ്ച മുമ്പാണു ദുബായി , ഷാര്‍ജ എന്നീ സ്ഥലങ്ങള്‍ എന്റെ പാദസ്പര്‍ശത്താല്‍ പുളകിതമായതു്. പെരിങ്ങോടന്റെ ഓര്‍മ്മ ശരി തന്നെ.
കല്യാണം കഴിഞ്ഞാല്‍ ഇടയ്ക്കു വീട്ടില്‍ നിന്നു വിളി വരും. “ഇന്നു വൈകിട്ടു ചന്തയില്‍ പോകാന്‍ ഞാന്‍ കഴിഞ്ഞേന്റെ മുമ്പലത്തെക്കൊല്ലം ചിന്നൂന്റെ കാതുകുത്തിനിട്ട ചുരീദാര്‍ മതിയോ” എന്നു്. ഒരുമാതിരി ഓര്‍മ്മശക്തിയൊന്നും പോര മോനേ അതിനു്. അല്ലെങ്കില്‍ വിശ്വത്തെപ്പോലെ എല്ലാം അറിയാമെന്നു നടിക്കണം. എന്നിട്ടു “ഭവതിയുടെ ഹ്രീഹ്ലാദത്തിന്റെ അധിക്യതയില്‍ നിഷ്പ്രഭമാകാത്ത ഏതു വസ്ത്രവിശേഷമാണു അണ്ഡകടാഹത്തിന്റെ അപാരതയുടെ അന്തര്യാമിയിലുള്ളതു്” എന്നോ മറ്റോ കാച്ചണം. വേറേ രക്ഷയൊന്നുമില്ല.
(കുറെക്കാലമായി വിശ്വത്തിനിട്ടൊന്നു താങ്ങിയിട്ടു്. ഇതു കിടക്കട്ടേ. :-))
പ്രിയ അനോണീ,
തന്നെ തന്നെ. ആ ഉമേഷ് തന്നെ. ഇതാരാ?
ayyo,athu parayano,verorikkalavatte
Dear Anony,
You can send it to umesh.p.nair@gmail.com.
ഞാനൊന്നും കണ്ടില്ലായേ...
എല്‍ജിയേച്ചിയും ഒന്നും കണ്ടില്ലെന്നു തോന്നുന്നു.
വിശാലേട്ടന് എന്റെ നമോവാകം!
എങ്കിലും ആര്യഭവന്‍ ഹോട്ടല്‍ അറിയില്ല എന്ന് പറഞ്ഞത് മോശമായി.‘ഇതൊന്നും അറിയില്ല അല്ലേ’ എന്ന നോട്ടം ഞാനും നോക്കുന്നു. പഴം പൊരി, ബോണ്ട ഹായ് ഹായ്. ഈ സൈസ് സ്വപ്നങ്ങള്‍ ഇനിയും വരട്ടെ എന്ന് ആശംസിക്കുന്നു.
പറയാന്‍ വിട്ടു. ലേബര്‍ റൂം :-))
>>ഇംഗ്ലീഷ് സിനിമകളിലെ ലേബര്‍ റൂമില്‍ >>ഗര്‍ഭിണികള്‍
ഇതേതു സിനിമാ വിശാലേട്ടാ? ഇംഗ്ലീഷ് സിനിമായില്‍ ഗര്‍ഭിണികള്‍ ക്കു ഇത്രേം പ്രാധാന്യം കൊടുത്ത ആ സിനിമേടെ പേരെന്താ?
പൊട്ടെ,ആദിത്യാ..വിട്ടു കളയാം....കൊച്ചു ചെക്കന്‍ അല്ലെ..നമ്മളെ പേടിച്ചു വേഗം തിരുത്തണ കണ്ടില്ലെ..അതു മതി! അതു മാത്രം മതി!
ഹെന്റെ വിശലോ,
കട്ട ബോഡിയുള്ള തന്റെയൊരു കൂറ്റന്‍ കട്ടൌട്ട് കോടമ്പാക്കം അങ്ങാടിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് ഒരു പുലര്‍ക്കാലത്ത് ഞാന്‍ കണ്ടിരിക്കണൂ...
പടത്തിന്റെ പേര് ഓര്‍മ്മയില്ല!!!
സ്വപ്നബ്ലോഗ് അടിപൊളി തന്നെ (എരിവും പുളിയുമുള്ളതൊന്നും ഇല്ല്യോടേ????)
പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ നിന്നത് പഴയ ദുബായ് സിനിമയുടെ ഫ്രണ്ടിലായിരുന്നു.
കൊടകരയില്‍ നിന്ന് ദുബൈസിനിമയുടെ അടുത്തേക്കുള്ള ആ കുറുക്കുവഴി.
എയര്‍ ഇന്ത്യയുടെകാര്യം കട്ടപൊക.
വിശാലമനസ്സേ...
കുറച്ചുനാളായി ഈ പോസ്റ്റിലൊരു കമന്റിടണമെന്ന് വിചാരിക്കുന്നു... കഴിഞ്ഞില്ല.
യാതൊരു ആധവും ബോധവുമില്ലാത്ത ചില സ്വപ്നങ്ങള്‍ ഞാനും കാണാറുണ്ട്. കഥാപാത്രങ്ങള്‍ തമ്മില്‍ മാറിപ്പോകുന്നത് മിക്കവാറും പതിവാണ്. സ്വപ്നം കണ്ടെണീക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍....
നന്നായിരിക്കുന്നു
ആഹാ.. ഇതെങ്ങിനെ മിസ്സായിപ്പോയി എനിക്ക്???
അത് കലക്കി വിശാല.. ഞാന്‍ കാണുന്ന സ്വപ്നം ഓര്‍ത്തിരിക്കാറില്ല മിക്കവാറും.. എന്തായാലും ഈ മാതിരി സ്വപ്നം കണ്ട യാതൊരു ഓര്‍മ്മയുമില്ല..
ഉമേഷിന്റെ പാന്റും പട്ടിനാക്ക് ഷര്‍ട്ടും ആലോചിച്ചിട്ട് ചിരി നിര്‍ത്താന്‍ വയ്യ.. :-)
ഇനിയീങ്കിലും ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പേ “അലാം ഡയിം” ഒന്നു കൂടെ ചെക്ക് ചെയ്യുക. അല്ലാ... ഈ സ്വപ്നത്തിന് എത്ര ഗാപ് കിട്ടുമെന്ന് ഒരു ഏകദേശ കണക്ക് ഉണ്ടാകുമല്ലോ... മാത്രമല്ല ഈ “അടുത്ത സീന്‍” പലതും മിസ്സ് ആകുകയും ഇല്ലാ..
ബില്‍ഡിങ്ങില്‍ നിന്ന്
ബില്‍ഡിങ്ങിലേക്ക് കെട്ടിയിട്ട
തെങ്ങ്, സുനാമി തിരകളില്‍
ഒലിച്ചുപ്പോയാലും വേണ്ടില്ല, ആ കൊച്ചു തിരകളില്‍ തട്ടി വിശാലെന്റെ സ്വപ്നക്കൂടുകള്‍
തുറക്കുമ്പോള്‍ വിശാലമായി
ഞങ്ങള്‍ക്കു ചിരിക്ക്യാമല്ലോ.
ഇനിയും നല്ല
സ്വപ്നങ്ങള്‍ക്കുവേണ്ടി
ടൈമ്പീസിനേയും,
അലാറത്തേയും മറന്നേക്ക്.
ഞാന്‍ പുതിയൊരെണ്ണം പോസ്റ്റ് ചെയ്തു, പക്ഷേ അത് കുറച്ചുനേരം കഴിഞ്ഞ് നോക്കിയപ്പോള്‍ ആ സംഭവം കാണാനില്ല.. അങ്ങിനെ ഞാന്‍ 10 പ്രവശ്യമെങ്കിലും ആ സാധനം പോസ്റ്റ് ചെയ്തുകാണും.. ഞാന്‍ തോറ്റു......... വേറെ മാറ്ററിനൊന്നും പ്രശ്നമില്ല.. ഞാനെന്തു ചെയ്യണം. പോസ്റ്റിലേക്ക് കമന്റയക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്താണു കാരണം എന്നെ ഒന്നു സഹായിക്കൂ പ്ലീസ്........, സെറ്റിംഗ്സില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ പ്രശ്നമുണ്ടോ? പോസ്റ്റു ചെയ്യുന്നതിനുമുന്‍പ് പോസ്റ്റും , ഡ്രാഫ്റ്റും തമ്മിലുള്ള വ്യത്യാസം എന്താണ് വിശാലാ മറുപടി താാാാാാാാാാാാാാാ
വല്ലാത്തൊരു സ്വപ്നം തന്നെ വിശാലേട്ടാ
hi
i hve gone through ur stories,
funny...cool
ente mashe adipoliyanu kettoo...
if u dont mind can u accept my invitaiton for friendship
maya
വൈകിയാണ് വായിക്കാന്‍ തരായാത്. കലക്കീട്ടൊണ്ടട്ടോ ( "അതു പ്രത്യേകം പറയണോടാ കന്നാലീ"ന്ന് തിരിച്ച് ചോദിക്കല്ലേ..)
ഓ.ടോ: ഒരിക്കലെങ്കിലും ഒരമ്പത് ഞാനടിച്ചോട്ടേ..:)
qw_er_ty
'ഞങ്ങള്‍ക്ക് കടുപ്പത്തില്‍ രണ്ട് ചായ, എന്നെ നോക്കി, ഇവന് ഒരു പാലും വെള്ളം. കഴിക്കാന്‍ ഇവിടെ രണ്ട് ബോണ്ടയും ഇവന് ഒരു പഴമ്പൊരിയും. മൊത്തം എന്റെ പറ്റില്‍ എഴുതിയേര്
വിശാലേട്ടോ.....
വല്ലപ്പൊഴും എന്റെ ബ്ലോഗിലും
കൊമെന്റണം..........
Shabna
iamshabna@gmail.com
visit
www.nilaavpole.com
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home