സ്ക്രാപ്പ്#6 - യാത്ര
നേരം സ്വപ്നത്തിലും ഇരുട്ടിത്തുടങ്ങിയിരുന്നു. തുമ്പിക്കൈ കനത്തില്‍ തുള്ളിക്കൊരുകുടം കണക്കെ മഴ. ഏതോ ദീര്‍ഘദൂരയാത്രകഴിഞ്ഞ് കേയെസാര്‍ട്ടീസി ഓര്‍ഡിനറി ബസില്‍ മടക്കയാത്രയിലായിരുന്നു ഞാന്‍.
മഴചാറ്റലടിക്കാതിരിക്കാന്‍ ബസിന്റെ സൈഡിലെ ടാര്‍പോളിനുകള്‍ ഇട്ടിരിക്കുന്നു. അത് കാറ്റത്തത് പാറി 'പടേ പടേ' ന്ന് വെള്ളം തെറിപ്പിച്ച് അടിക്കുന്നുണ്ട്. ഇരുട്ട് മാറ്റാന്‍ ബസിലെ ലൈറ്റുകള്‍ എല്ലാം ഓണാണ്.
ട്രാന്‍സ്പോര്‍ട്ട് ബസല്ലേ? മഴക്കാലമല്ലേ? സീറ്റിലിരുന്നാല്‍ പാന്റിന്റെ പുറകില്‍ ദൂരദര്‍ശന്റെ ലോഗോ വരുമെന്ന് പേടിച്ചിട്ടോ എന്തോ ആരും ഇരിക്കുന്നില്ല. സീറ്റെല്ലാം ഓള്‍മോസ്റ്റ് കാലി.
അത്രയും നേരം നില്‍ക്കുകയായിരുന്ന ഞാന്‍ 'വികലാംഗന്‍' എന്ന് മനോഹരമായി എഴുതിയതിന്റെ താഴെയുള്ള സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ എഴുന്നേറ്റപ്പോള്‍, അതില്‍ കയറി മടങ്ങിയിരുന്നു.
ഇരുന്നവശം തന്നെ എനിക്ക് ഇരിപ്പിന് ഒരു പ്രത്യേക സുഖം തോന്നി. നല്ല മുന്തിയ വിലയുള്ള ഏതോ ലെതറിന്റെ സോഫയില്‍ ഇരുന്നപോലെയൊരു രസം. വെരി മച്ച് കംഫര്‍ട്ടബിള്‍. ഒരു ഇളം ചൂടും!
ചൂട്, മുന്‍പിരുന്ന ചേട്ടന്‍ ബാക്കിവച്ചുപോയതാണെന്ന് ഊഹിച്ചു. സോഫ്റ്റ് നെസ്സ്, എന്തോ ഒട്ടും കര്യമാക്കിയതേയില്ല.
ടിക്കറ്റുമായി കണ്ടെക്ടര്‍ എന്റെ അടുത്തുവന്ന് ചോദിച്ചു: 'എവിടേക്കാ?'
ഞാന്‍ കാശെടുക്കാന്‍ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പ്പോള്‍ എന്റെ പിറകില്‍ നിന്നൊരു കയ്യ് കണ്ടെക്ടറുടെ അടുത്തെക്ക് നീങ്ങുന്നു. എന്നിട്ട് പറയുന്നു.
രണ്ട് കൊടകര!
‘ഇതെവിടുന്നാ ഈ കയ് വന്നേ?’ എന്നോര്‍ത്ത് കയ്യിന്റെ ഉത്ഭവസ്ഥാനം തേടി നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു.
"ആ കയ്യിന്റെ ഉടമ സിനിമാ നടി ഉണ്ണി മേരി ആയിരുന്നു. ഞാന്‍ ഇരിക്കുന്നത് ഉണ്ണിമേരിയുടെ മടിയിലും!" (വെറുതെയല്ലാ നല്ല സോഫ്റ്റ്‌നെസ്സ് ഫീല്‍ ചെയ്തേ! )
സിറ്റുവേഷന്റെ സീരിയസ്‌നെസറിഞ്ഞ നേരത്തേ എന്റെ വെപ്രാളം കണ്ട്, ബസിലെ എല്ലാവരും എന്നെ നോക്കി പൊട്ടിപൊട്ടി ചിരിക്കുന്നു.
അയ്യയ്യേ!!
ഞാന്‍ പൊടുന്നനേ ചാടിയെണീക്കാന്‍ ശ്രമിച്ചതും രണ്ട് കറുത്ത് ബലിഷ്ടമായ കൈകള്‍ എന്നെ വട്ടം പിടിച്ചു.
ഞാന്‍ ശ്രദ്ധിച്ചു. എന്നെ ചുറ്റിയ കൈകളിലെ വിരലുകള്‍ തണുത്ത സോസേജ് ഫ്രൈ ചെയ്ത പോലെ ചുളുങ്ങിയിരുന്നു. അതില്‍ വെള്ളിയുടെ നല്ല കണ്ടുപരിചയമുള്ളൊരു മോതിരം 'തലയോട്ടി മോതിരം'.
'ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ? ഫാന്റത്തിന്റെയല്ലേ ഇത്?' എന്നോര്‍ത്തു ഞാന്‍ ഒന്നുകൂടെ തിരിഞ്ഞു നോക്കി.
അപ്പോള്‍ ഞാന്‍ കണ്ടത് ഉണ്ണിമേരിയെ അല്ലായിരുന്നു. ഫാന്റത്തിന്റെ പോലെ കോസ്റ്റ്യൂം ധരിച്ച വെളുത്ത തലമുടിയുള്ള കാതില്‍ കമ്മലിട്ട ഒരു അമ്മാമ്മ. ഫാന്റത്തിന്റെ ഫീമെയില്‍ വെര്‍ഷന്‍. ഒന്നുകില്‍ അത് ഫാന്റത്തിന്റെ അമ്മ അല്ലെങ്കില്‍ അമ്മാമ്മ!
ഞാന്‍ വീണ്ടും കണ്‍ഫൈയൂഷനിലായി. ഉണ്ണിമേരിയെ ഞാന്‍ കണ്ടതല്ലേ? പിന്നെങ്ങനെ? ഇനി ഉണ്ണിമേരി...ഫാന്റത്തിന്റെ ആരെങ്കിലുമാണോ? ഈശ്വരാ..!
ഒരുകണക്കിന് പുതപ്പിന്റെ ചുറ്റിവരിയല്‍ വിടുവിച്ച് ഞാന്‍ രക്ഷപ്പെട്ടു ഉറക്കമുണര്‍ന്നു.


22 Comments:
ഹ ഹ ! അപാരം .സ്വപ്നം കാണുകയാണെങ്കില്‍ ഇതു പോലെ തന്നെ കാണണം.
എന്റിഷ്‌ടാ കിടക്കുന്നതിന് മുന്‍പ് ഈശ്വരനാമം ജപിച്ച് കിടന്നാല്‍ മതീന്ന് കാരണോന്മാര്‍ പറേണത് വെറുതെയല്ല. ഇല്ലേല്‍ ഇങ്ങനെ ഉണ്ണിമേരീം ഷക്കീലേം നയന്‍താരേം ഒക്കെ കൂടെ വരും.. (അല്ലേല്‍ 'വെള്ളംകുടി' കുറച്ചാലും നല്ലതാ)
This post has been removed by a blog administrator.
സ്വപ്നജീവീ, കലക്കന്‍ സ്വപ്നം!
“സീറ്റിലിരുന്നാല്‍ പാന്റിന്റെ പുറകില്‍ ദൂരദര്‍ശന്റെ ലോഗോ വരുമെന്ന് പേടിച്ചിട്ടോ എന്തോ..”
കലക്കി മാഷെ,കലക്കീ..സ്വപ്നം കാണുമ്പൊള്‍ ഇങനെ കാണണം
ആ ഫാന്റം പ്രയോഗം അങ്ങ് ഇഷ്ടപ്പെട്ടൂട്ടോ... :-)
സ്വപ്നം പറയല്‍ തുടരട്ടേ...
"ഒരുകണക്കിന് പുതപ്പിന്റെ ചുറ്റിവരിയല്‍ വിടുവിച്ച് ഞാന്‍ രക്ഷപ്പെട്ടു ഉറക്കമുണര്‍ന്നു"
ങും... ങും... ഫാന്‍റമായതോണ്ടല്ലേ ഉറക്കമുണര്‍ന്നത്, ഉണ്ണിമേരിയായിരുന്നെങ്കില്‍ പിന്നേം ചുരുണ്ടു കൂടി കിടക്കുമായിരുന്നില്ലേ...
വിശാലമനസ്സേ :)
വീയെമ്മേ... വേണ്ടാട്ടോ... ഈവക സ്വപ്നങ്ങള്‍...
വെളുപ്പിനാണോ കണ്ടേ, ചിലപ്പോ ഫലിച്ചേക്കും....
എന്തായാലും സ്വപ്പനം ഗംഭീരം....
ഇമ്മാതിരി സ്വപ്നങ്ങള്‍ കാണാനും വേണം ഒരു ഭാഗ്യം. ഫാന്റ്റമായി വന്നത് സിലോണ്‍ മനോഹറായിരിക്കും. ഇനി കാണുപോള്‍ നെറ്റിയില്‍ തലയോട്ടിയുടെ പാടുണ്ടോന്നൊന്ന് നോക്കണം
വിശാലേട്ടാ,
:-)
ഫാന്റവും ദൂരദര്‍ശന്‍ ലോഗോയും കലക്കി.
ഓടോ: ഉണ്ണിമേരിയെപ്പോലുള്ളവരെ എന്നും സ്വപ്നം കാണാന്‍ എന്തെങ്കിലും മരുന്നുണ്ടോ? :)
കലക്കന്‍ സ്വപ്നം....
എവിടുന്നു ഒപ്പിക്കുന്നു മാഷേ..ഈതെല്ലാം :)
വായിക്കാന്‍ ഇത്തിരി ലേറ്റായെങ്കിലും ചിരിക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല,രാതി ഉറക്കമിളച്ചിരുന്ന് പടം കാണലാല്ലേ പണി? ;-)
-പാര്‍വതി.
സ്വപ്നങ്ങളുടെ പിന്നിലുള്ള സര്‍ഗ്ഗാത്മക പ്രക്രിയയെ സംബന്ധിച്ച് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
ആ അത്ഭുതം എനിക്ക് വീണ്ടും സമ്മാനിക്കാന്‍ താങ്കള്‍ക്ക്
കഴിഞ്ഞു.
ഇതു നുണ...
ഒരാള്‍ക്കും അടുപ്പിച്ച് അടുപ്പിച്ച് ഇതുപോലത്തെ ഹിറ്റ് സ്വപ്നങ്ങള്‍ കാണാന്‍ സാധിക്കത്തില്ല എന്ന് പ്രൂവ്ഡ് ആണ്....
പിന്നെ ഉണ്ണിമേരി എന്നോക്കെ പറയുമ്പോള്‍.....
അല്ല അവള്‍ടെ മടീലൊക്കെ ഇരിക്കാന്‍ പറ്റീന്നു പറയുമ്പോള്‍.... ..
.....
ഞാന്‍ ഒന്നു കണ്ണടച്ചു നോക്കട്ടെ... ഉണ്ണിമേരി ഇല്ലേലും... ജയഭാരതിയെ എങ്കിലും വരുത്താമൊ എന്ന്...
:))
ആ കയ്യിന്റെ ഉടമ സിനിമാ നടി ഉണ്ണി മേരി ആയിരുന്നു. ഞാന്‍ ഇരിക്കുന്നത് ഉണ്ണിമേരിയുടെ മടിയിലും...
അപ്പൊ രാത്രി മുഴുവന്‍ പഴയ മലയാളം സിനിമകളുടെ കുത്തൊഴുക്കാണല്ലേ..
ഒരുപാട് ഇഷ്ടമായി. :) വേഗം അടുത്ത സ്വപ്നത്തിലേക്ക് വീഴൂ.
ഹല്ല ദാര് ഉണ്ണിമേര്യോ?
ദെന്താ വ്ടേ?
കോടര്ക്ക്യാ?
ഹൊ എന്റെ മാഷേ..
സമ്മതിച്ചു..
ഈ ടൈപ്പ് സ്വപ്നം കാണണ ടീംസ് ഇനിയുമുണ്ടോ ഗൊഡഗരയില്‍??
കിടിലന്‍
എന്തെങ്കിലും ജപിച്ചു കെട്ടി കൊടുത്തയക്കാന്‍ സോനയോടു പറയൂ.
യാത്ര.. നല്ല ബെസ്റ്റ് സ്വപ്നം.. നമ്മുടെ മനസ്സ് തടഞ്ഞ് വച്ചിരിക്കുന്ന ആഗ്രഹങ്ങള്‍ സ്വപ്നങ്ങളാകുന്നു എന്ന് ചരക സംഹിതയില്‍ പറഞ്ഞിട്ടുണ്ട് :).. (അപ്പൊ പ്പിന്നെയാ ചുക്കിച്ചുളിഞ്ഞ വിരലും തലയോട്ടി മോതിരോം ഒക്കെ എവിടുന്ന് വന്നു?)
പ്രിയ വിശാലന്,
താങ്കളെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമറിയിക്കാന്‍ വേണ്ടിയാണ് ഈ കത്തെഴുതുന്നത്.എങ്കിലും അറിഞ്ഞ നിലയ്ക്ക് താങ്കളെ അറിയിക്കാതിരുന്നാല്‍ അതു ഞാന്‍ താങ്കളോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കുമെന്നും ഞാന്‍ കരുതുന്നു.
സംഭവം താഴെ പറയുന്ന പ്രകാരമാണ്.
ഇന്നലെ എന്റെ ഭാര്യയും അവളുടെ കൗമാര പ്രായത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരിയുടെ ആത്മാവും കൂടി (ടിയാള്‍ കൗമാരപ്രായത്തില്‍ പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യ ചെയ്ത വ്യക്തിയാണ്) കൊടകരയിലേയ്ക്ക് പുറപ്പെട്ടു.
ഒരു അന്വേഷണാത്മക യാത്ര എന്നു വേണമെങ്കില്‍ പറയാം.
വിഷയം താങ്കളുടെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഒരു അന്വേഷണം !
അവര്‍ യഥാര്‍ത്ഥില്‍ ജീവിച്ചിരിക്കുന്നവരോ,ജീവിച്ചിരുന്നവരോ അതോ വെറും കല്‍പ്പനയില്‍ നിന്നും ഉടലെടുത്തവരോ എന്നറിയുക.
എന്റെ ഭാര്യയും കൂട്ടുകാരിയുടെ ആത്മാവും കൂടി കൊടകരയായ കൊടകരയെല്ലാം അരിച്ചു പെറുക്കി കണ്ടുപിടിച്ച കാര്യങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.
താങ്കളുടെ കഥാപത്രങ്ങളെല്ലാം ജീവനോടെയിരിക്കുന്നു.അവരെല്ലാം കടകരക്കാര്‍ക്ക് സുപരിചിതരുമാണ്.
ഇനി ഇക്കാര്യമെല്ലാം ഞാനെങ്ങനെ അറിഞ്ഞു എന്നു ചോദിച്ചാല്‍,അത് എന്റെ ഭാര്യയില്‍ നിന്നുമാണന്ന് താങ്കള്‍ പറയും.
എങ്കില്‍ താങ്കള്‍ക്ക് തെറ്റി.
ഞാന്‍ ഭാര്യയില്‍ നിന്നും മനസ്സിലാക്കി എടുത്തതാണന്നതാണ് പറയുന്നതാണ് കൂടുതല്‍ ശരി.
ഇന്നു രാവിലെ കിടക്കപ്പായയില്‍ നിന്നെണീറ്റ് കണ്ണും തിരുമ്മി അവള്‍ ചോദിക്കുകയാണ്
ചോദ്യങ്ങള്‍ താഴെ പറയും പ്രകാരമാണ്
1. ചേട്ടാ ഈ കൊടകര എന്നു പറയുന്നത് ആലപ്പുഴയിലാണോ ?
2. കൊടകരയില്‍ നിറയെ സൈക്കിള്‍ റിപ്പയര്‍ ഷോപ്പുണ്ടോ ?
3. 'കാച്ചില്‍ കുറുപ്പ്, എങ്ങനെ കൊടകരയിലെത്തി ?
തുടര്‍ച്ചയായ ചോദ്യങ്ങള്‍ കേട്ട് ഒരുനിമിഷം വട്ടടിച്ച് നിന്നുപോയ ഞാന്‍ സമനിലവീണ്ടെടുത്ത് പോലീസ് മുറയില്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കള്ളിവെളിച്ചത്തായത്.
അവള്‍ സ്വപ്നത്തില്‍ കൊടകരയില്‍ പോയെന്നും അവിടെ എന്റെ ഒരു കഥാപാത്രമായ 'കാച്ചില്‍ കുറുപ്പിനെ' കണ്ടു എന്നും മറ്റുമുള്ള കഥകള്‍!
എന്റെ സുഹൃത്തേ,താങ്കളുടെ കഥകള്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായ എന്റെ ഭാര്യയില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നുള്ള വിവരം ഞാന്‍ സന്തോഷപൂര്‍വ്വം അറിയിച്ച് കൊള്ളുന്നു.
നിര്‍ത്തട്ടെ,
സ്നേഹപൂര്‍വ്വം,
സതീശന്‍.(ഒപ്പ്)
enthoru gundu swapnangal. enthaayaalum vaayikkaan nalla rasamundu kettoo.
ഇങ്ങനെ സ്വപ്നം കാണാന്‍ എന്തെങ്കിലും ഒറ്റമൂലി ഉണ്ടെങ്കില്‍ പറഞ്ഞു തരുമൊ?
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home