സീന്‍ നമ്പര്‍: ഒന്ന്
സ്ഥലം: കൊടകരയിലെ എന്റെ 350 സ്ക്വയര്‍ ഫീറ്റില്‍ ടെറസും പിറകില്‍ 550 സ്ക്വയര്‍ ഫീറ്റില്‍ ഓടും മേഞ്ഞ നടപ്പുരയുമുള്ള പടുകൂറ്റന്‍ ബംഗ്ലാവ്.
സമയം: നട്ടപ്പറ ഉച്ച.
ബാലന്‍ കെ നായര്‍ രാത്രിയിലിടുന്ന പോലെയൊരു ചെങ്കല്ല് കളര്‍ ഡ്രസ്സും ചുണ്ടിലൊരു പൈപ്പുമായി എന്റെ അച്ചാച്ഛന്‍ ലൈനിങ്ങുള്ള തുണിയിട്ട ചാരുകസേരയില്‍, ഇംഗ്ലീഷ് സിനിമകളിലെ ലേബര്‍ റൂമില്‍ ഗര്‍ഭിണികള്‍ കിടക്കുന്ന പോലെ കിടക്കുന്നു.
സീന്‍ നമ്പര്‍: രണ്ട്
റേഡിയോയില്‍ കേരളത്തിലെ അഞ്ചോ പത്തോ പേര്‍ക്ക് മാത്രം മനസ്സിലാവുന്ന സംസ്കൃതത്തിലുള്ള വാര്‍ത്ത നടന്നുകൊണ്ടിരിക്കുന്നു.
എന്റെ വീട്ടിലെ പുണ്യ പുരാതന ഡൈനിങ്ങ് ടേബിളും, വിരുന്നുകാര്‍ വരുമ്പോള്‍ മാത്രം തുടക്കുകയും ഇരിക്കുകയും ചെയ്യുന്ന ആറ് കസേരകളും.
ഇങ്ങേത്തലക്കല്‍ ഞാന്‍ ഇരിക്കുന്നു.
എനിക്ക് നേരെ ഇരിക്കുന്നത് ബ്ലോഗിലെ താരം, ശ്രീ. ഉമേഷ് മാഷ്. തൊട്ടടുത്ത് നമ്മുടെ വൈശാഖിരിക്കുന്നു, അതിനടുത്ത സീറ്റില്‍ വൈശാഖിന്റെ അമ്മ.
ഉമേഷ് മാഷ് നീല സ്ട്രിപ്സോടു കൂടിയ പട്ടിനാക്ക് കോളര്‍ വെള്ള ഷര്‍ട്ടും 56 ഇഞ്ച് ബെല്‍ബോട്ടം പാന്റുമാണ് ധരിച്ചിരിക്കുന്നത്. ടൈ കെട്ടിയിട്ടില്ല.
ഭക്ഷണം കൊണ്ടുവരുന്നത് എന്റെ അമ്മയാണോ അതോ സോനയാണോ എന്ന് വ്യക്തമല്ല, എന്തായാലും അച്ഛനല്ലാ!
'തന്റെ മലയാളം വളരെ വീക്കാണെഡോ' എന്ന് സംസാരത്തിനിടക്ക് ഉമേഷ് മാഷ് പറഞ്ഞതെനിക്കോര്‍മ്മയുണ്ട്. വേറൊന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല.
സീന്‍ നമ്പര്‍: മൂന്ന്
ഭക്ഷണം കഴിഞ്ഞ് കൈ കഴുകി, ഉമേഷ് മാഷും ഞാനും അനിലേട്ടനും കൂടെ പുറത്തോട്ടിറങ്ങി. (അനിലേട്ടന്‍ എപ്പോള്‍ എങ്ങിനെ വന്നു എന്നതിനെക്കുറിച്ച് യാതൊരു പിടിപാടുമില്ല.)
പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ നിന്നത് പഴയ ദുബായ് സിനിമയുടെ ഫ്രണ്ടിലായിരുന്നു.
ഉമേഷ് മാഷ് എന്നോട് ചോദിക്കുന്നു:
എവിടെ യാണ് ഈ ഹോര്‍ അല്‍ അന്‍സ് ബ്രിഡ്ജ്?
ഞാന്‍ ആലോചിച്ചപ്പോള്‍ ഹോര്‍ലന്‍സില്‍ അങ്ങിനെയൊരു ബ്രിഡ്ജില്ല.
ഞാന്‍ മറുപടി കൊടുത്തു.
ഏയ്, ഉമേഷ് മാഷെ, ഇവിടെ ബ്രിഡ്ജൊന്നുല്ല്യ.
അപ്പോള്‍ അനിലേട്ടന്‍ പറയുന്നു. 'ദാ കാണുന്നതാണ് ഹോര്‍ലെന്‍സ് ബ്രിഡ്ജ്!'
ഞാന്‍ നോക്കിയപ്പോള്‍ ഒരു ബില്‍ഡിങ്ങിന്റെ മുകളീന്ന് വേറൊരു ബില്‍ഡിങ്ങിന്റെ മുകളിലേക്ക് ഒരു തെങ്ങ് വെട്ടി കുറുകെ വച്ചിരിക്കുന്നു!!
ഉമേഷ് മാഷ് 'ഇതൊന്നും അറിയില്ലല്ലേ' എന്ന ഭാവേനെ എന്നെ പുഛത്തില്‍ നോക്കി.
അപ്പോള്‍ ഉമേഷ് മാഷുടെ അടുത്ത ചോദ്യം.
ഇവിടെ എവിടെയാ ദുബായ് ആര്യഭവന്‍ ഹോട്ടല്‍??
ആര്യഭവനോ???
ഞാന്‍ നിന്നു ചമ്മലാല്‍ ചൂളി. അതും അറിയില്ല.
ഈശ്വരാ ഈ മൊതല്‍ അമേരിക്കയിലാണെന്ന് പറഞ്ഞിട്ട് ഇവിടെയുള്ള പാലങ്ങളെയും ഹോട്ടലുകളെയും കുറിച്ച് നല്ല പിടിപാടാണല്ലോ? നമ്മള്‍ പത്ത് കൊല്ലമായി ഇവിടെ ചരച്ചിട്ടും നമ്മള്‍ക്കൊരെണ്ണം പോലും അറിയുമില്ല! നാണക്കേട്.
ഇവിടെയും അനിലേട്ടന്‍ തന്നെ രക്ഷ.
'ദാ അതാണ്' എന്ന് ചൂണ്ടി കാണിച്ചുകൊടുത്തപ്പോള്‍ ഉമേഷ് മാഷ് പറയുന്നു.
എന്നാ നമുക്ക് അവിടെ നിന്നെങ്കിലും കഴിക്കാം.
ആര്യഭവനില്‍ കയറി ഉമേഷ് മാഷ് ഇങ്ങിനെ ഓര്‍ഡര്‍ ചെയ്തു.
'ഞങ്ങള്‍ക്ക് കടുപ്പത്തില്‍ രണ്ട് ചായ, എന്നെ നോക്കി, ഇവന് ഒരു പാലും വെള്ളം. കഴിക്കാന്‍ ഇവിടെ രണ്ട് ബോണ്ടയും ഇവന് ഒരു പഴമ്പൊരിയും. മൊത്തം എന്റെ പറ്റില്‍ എഴുതിയേര്..!!'
‘അവര്‍ക്ക് ബോണ്ടയും നമ്മക്ക് പഴമ്പൊരിയും.‘ അത് മോശായിപ്പോയി. ഞാന്‍ പക്ഷെ, നീരസം പുറമേ കാണിച്ചില്ല.
പക്ഷേ, അമേരിക്കയിലുള്ള ഉമേഷ് മാഷിന് ദുബായിലെ ചായക്കടയില്‍ പറ്റോ???
ആലോചിച്ചാലോച്ച് യാതൊരു എത്തും പിടിയും കിട്ടുന്നില്ല.
ഹൌ കം?
ഹൌ കം?
ഹൌ കം?
ടര്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.....
പിന്നെ സീനുകളൊന്നും കാണാന്‍ പറ്റിയില്ല അപ്പോഴേക്കും അലാറം അടിച്ചിരുന്നു.