Saturday, August 05, 2006

സ്ക്രാപ്പ്#3- എന്റെ കല്യാണം

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു രാത്രി.

എന്റെ കല്യാണത്തിന്റെ റിസപ്ഷന്‍ നടന്നുകൊണ്ടിരിക്കുന്നു.

വരന്‍ ഞാന്‍ തന്നെ. എന്റെ കല്യാണം എന്ന് പറയുമ്പോള്‍ വരന്‍ ഞനാണെന്ന് പ്രത്യേകിച്ച്‌ പറയേണ്ട ആവശ്യമില്ല, എന്നാലും വധു പ്രിയങ്ക ഗാന്ധി (അതെ, രാജീവ്‌ ഗാന്ധിയുടെ ..) ആയതുകോണ്ട്‌ വെറുതെ ഒന്ന് പറഞ്ഞുവെന്നേയുള്ളൂ.

റിസെപ്ഷന്‍ നടക്കുന്നത്‌ ഏതോ വലിയ ഒരു ഹോട്ടലില്‍ വച്ചാണ്‌. വിശാലമായ ഹാളിലാകെ തമഴിയത്തി പെണ്ണുങ്ങള്‍ അടുത്തു കൂടെ പോയ മണം. ഐ മീന്‍, മാല്ലികപ്പൂവിന്റെ പിച്ചകത്തിന്റെയും മിക്സ്ഡ്‌ ഗന്ധം. താഴെ വിരിച്ച ചുവന്ന കാര്‍പെറ്റില്‍ അങ്ങിങ്ങായി ജമന്തിപ്പൂക്കാളുടെ അല്ലികള്‍ ചിതറി കിടന്നിരുന്നു.

റിസപ്ഷന്‌ വന്നിരിക്കുന്നവരില്‍ എല്‍.ടി.ടി.ഇ. പ്രഭാകരനെ ഒഴിച്ച്‌ ഒരാളെപ്പോലും ഞാന്‍ കണ്ടുപരിചയം പോലുമില്ല. അകലെ പാന്‍ട്ടും കോട്ടുമിട്ട്‌ ഒരുപാട്‌ പുരുഷന്മാര്‍ നില്‍പുണ്ട്‌. മുഖം വ്യക്തമല്ലെങ്കിലും പക്ഷെ, അവരാരും എന്റെ ബന്ധുക്കളാവാന്‍ വഴിയില്ല. എന്റെ ഒരു നാല്‌ തലമുറയിലപ്പുറം ഒരാള്‍ പോലും ബ്ലേസര്‍ (തെറ്റി വായിക്കല്ലേ..) ഇട്ടിട്ടില്ല. എല്ലാം പ്രിയങ്കയുടെ ബന്ധുക്കളാവാം.

റിസപ്ഷന്‍ തുടങ്ങിയതും ഒരു സാമദ്രോഹി, എന്റെ പ്രിയങ്കയെ കണ്ണെടുക്കാതെ നോക്കി 'തേരി അംങ്കെ ചുകീ ചുകീ.. തേരാ ചെഹരാ ഖിലാ ഖിലാ..' എന്ന ഹിന്ദിപ്പാട്ട്‌ പാടാന്‍ തുടങ്ങി. പാട്ടില്‍ നിന്നും ലവന്‍ പ്രിയങ്കയുടെ മുന്‍കാമുകനാണെന്നും ഇവര്‍ തമ്മില്‍ പൊരിഞ്ഞ ലപ്പായിരുന്നെന്നും എന്തോ കേസുകെട്ടിന്റെ പേരില്‍ ആ കല്യാണം നടക്കാതെ പോയതാണെന്നും ഞാന്‍ ഊഹിച്ചു.

കല്യാണത്തിന്റന്ന് കാമുകന്മാര്‍ വന്ന് പാട്ട്‌ പാടുന്ന എടവാട്‌ എനിക്ക്‌ പണ്ടേ പിടിക്കില്ല!

ഞാന്‍ പ്രിയങ്കയോട്‌ പറഞ്ഞൂ.

'ട്യേ... ആ ചെറ്റയോട്‌ പാട്ട്‌ നിര്‍ത്താന്‍ പറഞ്ഞോ അല്ലെങ്കില്‍ ഞാനവനെ ഇവിടെയിട്ട്‌ ചവിട്ടിക്കൂട്ടും, ദേ, എന്നെപ്പറ്റി നിനക്കറിയില്യാട്ടാ!'

അവനും കേട്ടോട്ടേ എന്ന് വിചാരിച്ച്‌ കുറച്ചുറക്കെയാണ്‌ പറഞ്ഞതെങ്കിലും ആരും കേള്‍ക്കുകയോ അവന്‍ പാട്ട്‌ നിര്‍ത്തുകയോ ചെയ്തില്ല.

ഞാന്‍ കുറച്ച്‌ ചീപ്പാവാന്‍ തന്നെ തീരുമാനിച്ചു.

ശ്രദ്ധപിടിക്കാന്‍ വേണ്ടി, എറിയാന്‍ പാങ്ങുള്ള ഐറ്റം നോക്കിയ എന്റെ കണ്ണുകള്‍, മുന്നിലിരുന്നിരുന്ന ട്രേയില്‍ ഉടക്കി.
ഒള്ളതില്‍ വലുത്‌ നോക്കി ഒരു ചെറുനാരങ്ങയെടുത്ത്‌ അവന്റെ തലമണ്ട നോക്കി ഒറ്റ ഏറുകൊടുത്തു.

പക്ഷെ, എന്റെ ഉന്നം പിഴച്ചു. എന്റെ ഉന്നത്തിനെന്തുപറ്റി എന്നാലോചിച്ച്‌ വീണ്ടും ഞാന്‍ വലുത്‌ നോക്കി ഒരു മൂന്നെണ്ണമെടുത്ത്‌ രണ്ടെണ്ണം ഇടത്‌ കയ്യില്‍ പിടിച്ച്‌ ഓരോന്നോരോന്നായി വീണ്ടും എറിഞ്ഞു. ഒന്നും കൊണ്ടില്ല.

എന്തായാലും നനഞ്ഞു, ഇനി കുളിച്ചിട്ട്‌ കയറാമെന്ന് വച്ച്‌, ഞാന്‍ തനി ചീപ്പാവാനും പൂര അലമ്പ്‌ ഉണ്ടാക്കാനും തീരുമാനിച്ചു. ഒന്നുകില്‍ അവന്‍ അല്ലെങ്കില്‍ ഞാന്‍. കല്യാണം കല്ലി വല്ലി.

'പാട്ട്‌ നിര്‍ത്തറാ... ' ഞാനുറക്കെ തന്നെ അലറി.

പക്ഷെ, എന്റെ അലര്‍ച്ച ആരും കേള്‍ക്കണൂല്യ, അവന്റെ ഒടുക്കത്തെ പാട്ട്‌ നിര്‍ത്തണൂല്യ. എനിക്ക്‌ പ്രാന്തോട്‌ പ്രാന്തായി. ഞാന്‍ കയ്യിലെ ബൊക്ക 'പോട്ടേ..കോപ്പ്‌' എന്ന് പറഞ്ഞ്‌ താഴോട്ടേക്കെറിഞ്ഞു. എന്നിട്ട്‌ എന്റെ മുന്നിലുള്ള ടീപ്പോയി ചവിട്ടി മറിച്ചിട്ടു.

എന്നിട്ടും അവന്‍ പാട്ട്‌ നിറുത്തിന്നില്ല്യാന്ന്!

പെട്ടെന്ന് എവിടെ നിന്നോ എന്റെ അച്ഛന്‍ എന്റെ അടുത്തേക്ക്‌ കയറിവന്നു.

അച്ഛന്റെ കയ്യില്‍ സാമ്പാര്‍ ബക്കറ്റുണ്ടായിരുന്നു. അച്ഛന്റെ പിറകിലായി ഞാന്‍ എന്റെ എല്ലാ ബന്ധുക്കളെയും കണ്ടു. എല്ലാവരുടെയും കൈകളില്‍ ഓരോ സ്റ്റീല്‍ പാത്രങ്ങള്‍. എന്റെ ചേട്ടന്റെ കയ്യിലെ കുട്ടയില്‍ വല്യ പപ്പടം!

ബുഫെ പാര്‍ട്ടി നടക്കുന്നിടത്തേക്ക്‌ ഇവന്മാര്‍ സാമ്പാറും ഇഞ്ചന്‍ പുളിയും പായസവുമായി എങ്ങോട്ടാ കെടന്ന് നടക്കണത്‌??

ഇനിയിപ്പോ നമ്മടെ ടീം സാധാരണക്കാരായതുകൊണ്ട്‌ ധര്‍മ്മക്കാര്‍ക്ക്‌ വേറെ കൊടുക്കുമ്പോലെ പന്തി വേറെ ആയിരിക്കുമോ?? അങ്ങിനെയെങ്കില്‍ അത്തൊരമൊരു കല്യാണത്തിന്‌ ഞാന്‍ എന്തിന്‌ സമ്മതിച്ചൂ?? എന്റെ അച്ഛനേലും അമ്മയേലും വലുതാണോ....

വേണ്ടാ എനിക്കീ കല്യാണം വേണ്ട. ഞാന്‍ വയലന്റായി വിളിച്ചുപറഞ്ഞു.

'നിനക്ക്‌ വേണ്ടങ്ങെ വേണ്ട്രാ... നീ എണീറ്റ്‌ പോയി മുഖമൊന്ന് കഴുകി വാ..'

എന്ന് പരമേട്ടന്‍ പറഞ്ഞത്‌ കേട്ട്‌ ഞാന്‍ കണ്ണുതുറന്നു.