സ്ക്രാപ്പ്#6 - യാത്ര
നേരം സ്വപ്നത്തിലും ഇരുട്ടിത്തുടങ്ങിയിരുന്നു. തുമ്പിക്കൈ കനത്തില്‍ തുള്ളിക്കൊരുകുടം കണക്കെ മഴ. ഏതോ ദീര്‍ഘദൂരയാത്രകഴിഞ്ഞ് കേയെസാര്‍ട്ടീസി ഓര്‍ഡിനറി ബസില്‍ മടക്കയാത്രയിലായിരുന്നു ഞാന്‍.
മഴചാറ്റലടിക്കാതിരിക്കാന്‍ ബസിന്റെ സൈഡിലെ ടാര്‍പോളിനുകള്‍ ഇട്ടിരിക്കുന്നു. അത് കാറ്റത്തത് പാറി 'പടേ പടേ' ന്ന് വെള്ളം തെറിപ്പിച്ച് അടിക്കുന്നുണ്ട്. ഇരുട്ട് മാറ്റാന്‍ ബസിലെ ലൈറ്റുകള്‍ എല്ലാം ഓണാണ്.
ട്രാന്‍സ്പോര്‍ട്ട് ബസല്ലേ? മഴക്കാലമല്ലേ? സീറ്റിലിരുന്നാല്‍ പാന്റിന്റെ പുറകില്‍ ദൂരദര്‍ശന്റെ ലോഗോ വരുമെന്ന് പേടിച്ചിട്ടോ എന്തോ ആരും ഇരിക്കുന്നില്ല. സീറ്റെല്ലാം ഓള്‍മോസ്റ്റ് കാലി.
അത്രയും നേരം നില്‍ക്കുകയായിരുന്ന ഞാന്‍ 'വികലാംഗന്‍' എന്ന് മനോഹരമായി എഴുതിയതിന്റെ താഴെയുള്ള സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ എഴുന്നേറ്റപ്പോള്‍, അതില്‍ കയറി മടങ്ങിയിരുന്നു.
ഇരുന്നവശം തന്നെ എനിക്ക് ഇരിപ്പിന് ഒരു പ്രത്യേക സുഖം തോന്നി. നല്ല മുന്തിയ വിലയുള്ള ഏതോ ലെതറിന്റെ സോഫയില്‍ ഇരുന്നപോലെയൊരു രസം. വെരി മച്ച് കംഫര്‍ട്ടബിള്‍. ഒരു ഇളം ചൂടും!
ചൂട്, മുന്‍പിരുന്ന ചേട്ടന്‍ ബാക്കിവച്ചുപോയതാണെന്ന് ഊഹിച്ചു. സോഫ്റ്റ് നെസ്സ്, എന്തോ ഒട്ടും കര്യമാക്കിയതേയില്ല.
ടിക്കറ്റുമായി കണ്ടെക്ടര്‍ എന്റെ അടുത്തുവന്ന് ചോദിച്ചു: 'എവിടേക്കാ?'
ഞാന്‍ കാശെടുക്കാന്‍ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പ്പോള്‍ എന്റെ പിറകില്‍ നിന്നൊരു കയ്യ് കണ്ടെക്ടറുടെ അടുത്തെക്ക് നീങ്ങുന്നു. എന്നിട്ട് പറയുന്നു.
രണ്ട് കൊടകര!
‘ഇതെവിടുന്നാ ഈ കയ് വന്നേ?’ എന്നോര്‍ത്ത് കയ്യിന്റെ ഉത്ഭവസ്ഥാനം തേടി നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു.
"ആ കയ്യിന്റെ ഉടമ സിനിമാ നടി ഉണ്ണി മേരി ആയിരുന്നു. ഞാന്‍ ഇരിക്കുന്നത് ഉണ്ണിമേരിയുടെ മടിയിലും!" (വെറുതെയല്ലാ നല്ല സോഫ്റ്റ്‌നെസ്സ് ഫീല്‍ ചെയ്തേ! )
സിറ്റുവേഷന്റെ സീരിയസ്‌നെസറിഞ്ഞ നേരത്തേ എന്റെ വെപ്രാളം കണ്ട്, ബസിലെ എല്ലാവരും എന്നെ നോക്കി പൊട്ടിപൊട്ടി ചിരിക്കുന്നു.
അയ്യയ്യേ!!
ഞാന്‍ പൊടുന്നനേ ചാടിയെണീക്കാന്‍ ശ്രമിച്ചതും രണ്ട് കറുത്ത് ബലിഷ്ടമായ കൈകള്‍ എന്നെ വട്ടം പിടിച്ചു.
ഞാന്‍ ശ്രദ്ധിച്ചു. എന്നെ ചുറ്റിയ കൈകളിലെ വിരലുകള്‍ തണുത്ത സോസേജ് ഫ്രൈ ചെയ്ത പോലെ ചുളുങ്ങിയിരുന്നു. അതില്‍ വെള്ളിയുടെ നല്ല കണ്ടുപരിചയമുള്ളൊരു മോതിരം 'തലയോട്ടി മോതിരം'.
'ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ? ഫാന്റത്തിന്റെയല്ലേ ഇത്?' എന്നോര്‍ത്തു ഞാന്‍ ഒന്നുകൂടെ തിരിഞ്ഞു നോക്കി.
അപ്പോള്‍ ഞാന്‍ കണ്ടത് ഉണ്ണിമേരിയെ അല്ലായിരുന്നു. ഫാന്റത്തിന്റെ പോലെ കോസ്റ്റ്യൂം ധരിച്ച വെളുത്ത തലമുടിയുള്ള കാതില്‍ കമ്മലിട്ട ഒരു അമ്മാമ്മ. ഫാന്റത്തിന്റെ ഫീമെയില്‍ വെര്‍ഷന്‍. ഒന്നുകില്‍ അത് ഫാന്റത്തിന്റെ അമ്മ അല്ലെങ്കില്‍ അമ്മാമ്മ!
ഞാന്‍ വീണ്ടും കണ്‍ഫൈയൂഷനിലായി. ഉണ്ണിമേരിയെ ഞാന്‍ കണ്ടതല്ലേ? പിന്നെങ്ങനെ? ഇനി ഉണ്ണിമേരി...ഫാന്റത്തിന്റെ ആരെങ്കിലുമാണോ? ഈശ്വരാ..!
ഒരുകണക്കിന് പുതപ്പിന്റെ ചുറ്റിവരിയല്‍ വിടുവിച്ച് ഞാന്‍ രക്ഷപ്പെട്ടു ഉറക്കമുണര്‍ന്നു.

