കുളദേവത
എന്തിനോ വേണ്ടി പറമ്പിന് താഴെയുള്ള കുളത്തിനടുത്ത് ചെന്നതായിരുന്നു ഞാന്‍.
കുളത്തിലെ വെള്ളം അനങ്ങുന്നത് കണ്ട്, ബ്രാല്‍ വെട്ടിയതാണെന്നാ ഞാന്‍ ആദ്യം കരുതിയത്. നോക്കിയപ്പോള്‍ വെള്ളം മൊത്തം കിടന്ന് അനങ്ങുന്നുണ്ട്.
അപ്പോള്‍ ഒരശരീരി ഞാന്‍ കേട്ടു:
‘നീ ശാന്തിയിലെ നേഴ്സിനെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. പോട്ട ധന്യയിലെ നേഴ്സിനെയും വഞ്ചിച്ചു’ അതിനുള്ള ശിക്ഷയായി നീന്നെ പോത്ത് കുത്തി കൊല്ലട്ടേ’
അത് കേട്ടതും, ഒരു പോത്തോടിവരുന്ന ശബ്ദം ഞാന്‍ കേട്ടുതുടങ്ങി. കര്‍ത്താവേ... എങ്ങോട്ടോടും?
സംഗതി, എന്നെ കുള ദേവത തെറ്റിദ്ധരിച്ചതാ... അത് ഞാനല്ല. ഡേവീസാണ്. പക്ഷെ, ഞാന്‍ സത്യത്തില്‍ അവന്റെ കൂടെ വെറുതെ കമ്പനിക്ക് പോവുക മാത്രമേ ചെയ്തുള്ളൂ..
പക്ഷെ, ആരോടാന്ന് വച്ചാ പറയണ്?
ഞാന്‍ ഓടി മതില്‍ വട്ടമെടുത്ത് ചാടാന്‍ നോക്കിയപ്പോള്‍ 4 അടി ഹൈറ്റുള്ള ഞങ്ങളുടെ മതിലിന് പകരം, അപ്പോള്‍ അവിടെ പീച്ചി ഡാമിന്റെ ഭിത്തി പോലെയൊരെണ്ണം!
അതെങ്ങിനെ വട്ടം ചാടാനാ??
പോത്തിന്‍ കുളമ്പടി അടുത്തടുത്ത് വന്നു. ഞാന്‍ ഫൈനലി മുരട്ടുകാളയില്‍ രജനിയോ വിജയകാന്തോ കാളയുടെ കൊമ്പില്‍ പിടിച്ച് കാളയെ മലര്‍ത്തിയടിക്കാന്‍ വേണ്ടി നിന്ന പോലെ പോത്തിനെ പെടക്കാന്‍ പ്രിപ്പയേഡായി നിന്നു.
‘രാത്രി ഭയങ്കര ഡ്രൈവിങ്ങായിരുന്നൂ ല്ലോ’ എന്ന സഹതറയന്റെ കമന്റിന്,
‘കയ്യില്‍, സ്റ്റീയറിങ്ങല്ലായിരുന്നു... പോത്തിന്റെ കൊമ്പായിരുന്നു!‘ എന്നൊന്നും തിരുത്താന്‍ നിന്നില്ല. നാണക്കേട്!

