ശൂലം തറ
തല കുനിച്ച് കണ്ണടച്ച് ഞാനിരിക്കുയാണ്. തലയില്‍ തേച്ച മഞ്ഞളിന്റെ അധികരിച്ച ജലാംശം ചെവിയുടെ അരികിലൂടെ ഒലിച്ച് താടിയിലൂടെ താഴെക്കിറ്റിറ്റു വീണു.
ഇറിറ്റേഷന്‍! ഞാന്‍ ഉള്ള നഖം വച്ച് ഒന്ന് മാന്തിയേക്കാമെന്ന് വച്ചു. മാന്തി. പക്ഷെ, മാന്ത് ഏല്‍ക്കുന്നില്ല. പിന്നേയും ശ്രമിച്ചു. കടിക്കുമ്പോള്‍ വിചാരിച്ച മാതിരി മാന്താന്‍ പറ്റാതിരുന്നാലുള്ള അവസ്ഥയാണ് ഈ ലോകത്തേറ്റവും ഭീകരമായ അവസ്ഥ എന്നെനിക്ക് വീണ്ടും മനസ്സിലായി.
പതിയെ പതിയ കണ്ണ് തുറന്ന് ഞാന്‍ പ്രകൃതിയെ നോക്കി.
അപ്രത്തും ഇപ്രത്തും മഞ്ഞളുകൊണ്ട് മക്കിട്ട മൊട്ടത്തലകള്‍ കവിളില്‍ ചന്ദനക്കുറിയണിഞ്ഞ് ശൂലവും തറച്ച് അതിന്റെ രണ്ടെന്റിലും ഓരോ ചെറുനാരങ്ങയും ഞാട്ടിയിട്ട് ഇരുന്ന് ബീഡിയും വലിച്ചിരിക്കുന്നു. കൂളായിട്ട്.
സ്ഥലം പഴയണിയാണോ? ഉറപ്പില്ല. പക്ഷെ, ലക്ഷണം കണ്ടിട്ട്... പഴണിയാവണം. കുറെ തമിഴ്നമാര്‍ ‘വേല്‍മുരുകന് ഹരോ ഹരോ ‘ എന്ന് പാടി മുന്‍പോട്ടും പിറകോട്ടം താളത്തില്‍ തുള്ളുന്നുണ്ട്.
വെളുത്ത താടിയുള്ള; നെല്ലിക്ക പോലുള്ള രുദ്രാക്ഷം കൊണ്ടുണ്ടാക്കിയ മാലയിട്ട ഒരു ആജാനബാഹു എന്റെ നേരെ നടന്നു വന്നു. ഒരു കയ്യില്‍ ഭസ്മവും മറു കയ്യില്‍ ഒരു കൊടക്കമ്പിയുമായി.
‘ഈ ശുലം അങ്ങട് തറച്ചേക്ക് ‘ അടുത്തുനിന്ന പുജാരിയോടായി പറഞ്ഞു.
ഏഹ്?? ഏ?? ശൂലം തറക്കാനോ? എന്നെയോ?? ദൈവമേ!!
അല്ലെങ്കില്‍ തന്നെ ചെളിയുണങ്ങി തുടങ്ങിയ പുഞ്ചക്കണ്ടത്തില്‍ കൊക്ക് നടന്നപോലെയുള്ള എന്റെ കവിളത്ത് (അമ്മികൊത്തിയതെന്ന് പറയുന്നത് ഔട്ട് ഓഫ് ഫാഷനായി) ഇനി ശൂലം തറച്ച കുഴി പാടിന്റെ ഒരു കുറവേ ഉള്ളൂ!
‘ലാടവും അടിക്കാന്‍ നേര്‍ച്ചയുണ്ട്‘
യെന്ത്? യെന്ത്? ലാടോ???
ലാടം അടിച്ചുകയറ്റാന്‍ ഞാന്‍ കുഞ്ഞറതേട്ടന്റെ വിട്ടിലെ കാളയോ..??
ഒരു തമിഴന്‍ വന്ന് പൂജാരിയുടെ കയ്യില്‍ ഒരു ജോഡി ലാടം കൊടുത്തു.
ഇതൊക്കെ ആര് എപ്പോ നേര്‍ന്നു?
എന്താ ചെയ്യാ? സഹായത്തിനാരും ഇല്ല. എന്ത് ന്ന് പറഞ്ഞ് നെലോളീക്കും? എന്തുചെയ്യും?
ഞാന്‍ വേറെ ഒന്നും നോക്കിയില്ല. നമുക്ക് നമ്മുടെ കവിളും കാലും രക്ഷിക്കണം. അവിടെ നിന്നെണീറ്റ് ഒരു ഓട്ടമായിരുന്നു.
ഹൈവേകളും ഇടവഴികളും സര്‍വ്വേരിക്കല്ലുകളും എന്റെ ഓട്ടം കണ്ടു നിന്നു.
തൊട്ടടുത്ത് ട്രൌസറിട്ട്, ‘&‘ സൈന്‍ കിടക്കുമ്പോലെ കിടന്ന് നിഷ്കളങ്കമായി ഉറങ്ങിയിരുന്ന രാജേഷ് ഉറക്കത്തില്‍ നിന്ന് ചാടിയെണീറ്റ് ‘വാട്ട് ഹപ്പെന്റ്..വാട്ട് ഹപ്പെന്റ്’’ എന്ന് ചോദിക്കുന്നത് കേട്ടാണ് ഞാന്‍ ഓട്ടം നിറുത്തിയത്.

