വാട്ടര്‍ റ്റാങ്കട
ഒരു ദിവസം പാതിരാത്രി ദുബായിപ്പോലീസ് എന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ചെയ്ത കുറ്റം നിസാരമൊന്നുമല്ല. ദുബായിലെ മെയിന്‍ വാട്ടര്‍ സപ്ലൈ റ്റാങ്കില്‍ നിന്നും വരുന്ന പൈപ്പ് എന്റെ അമ്മാമ്മേടെ എക്സ് മേല്‍ മുണ്ട് ചുരുട്ടിക്കൂട്ടി ഉണ്ടയാക്കി അങ്ങ് അടച്ചു വച്ചു.
ഫലമോ, 2 ദിവസം ദുബായ് നഗരം മൊത്തം വൈശാലി സിനിമയിലെ ബാബു ആന്റണിയുടെ രാജ്യം പോലെ ഒരു തുള്ളിവെള്ളം കിട്ടാതെ കിടന്നു.
എത്ര ആലോചിച്ചിട്ടും പാമ്പുകടിക്കാന്‍ എന്തിന് നമ്മളിത് ചെയ്തുവെന്ന് അങ്ങട് പിടികിട്ടുന്നില്ല. സിറ്റി സെന്ററില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ കുറെ പെണ്ണുങ്ങള്‍ ട്രൌസറിട്ട് പോകുന്ന നമ്മളെ നോക്കി ‘കോഴിക്കാലാ...’ എന്ന് വിളിച്ച് കളിയാക്കി ചിരിച്ചതും ‘ എന്തടി മന്തകളെ...’ എന്ന് തിരിച്ച് പറഞ്ഞതും എനിക്കോര്‍മ്മയുണ്ട്. പക്ഷെ, അതും ഈ വാട്ടര്‍ റ്റാങ്കടയും തമ്മില്‍ ...
ഇനി ചിലപ്പോള്‍ ഉറക്കപ്പിച്ചില്‍ നമ്മള്‍ നമ്മുടെ വീട്ടിലെ ടാങ്കാണെന്ന് തെറ്റിദ്ധരിച്ച് ‘ദുബായ് വാട്ടര്‍ റ്റാങ്ക്, മാവിന്റെ ഇലയും കരടുകളും എല്ലാം എടുത്ത് കളഞ്ഞ് ഒന്ന് കഴുകിക്കളയാം‘ എന്ന് വച്ച് അടച്ചതാവുമോ?
പക്ഷെ, ഇത്രേം അമണ്ടക്കന്‍ ടാങ്കില്‍ എങ്ങിനെ പൊത്തിപ്പിടിച്ച് കേറിയെന്നോ എങ്ങിനെ താഴേക്ക് ഊളാക്കു കുത്തി ചെന്ന് പൈപ്പിന്റെ ഹോള് അടച്ചെന്നോ ഒരു പിടിയും കിട്ടുന്നില്ല.
എന്തായാലും സംഭവം സീരിസായി. ക്ലോസ് സെര്‍ക്ക്യൂട്ട് ക്യാമറ വച്ച് പോലിസ് കമ്പ്ലീറ്റ് പിടിച്ച് എല്ലാ ചാനലിലും എന്റെ ഫോട്ടോ കണ്ടിന്യുവസായി കാണിച്ചുകൊണ്ടിരുന്നു. കരാമയിലെ ലുലു സെന്ററിന്റെ മുന്‍പിലുള്ള പാര്‍ക്കില്‍ വച്ചാണ് ഞാന്‍ എന്നെ ടി.വി.യില്‍ കണ്ടത്.
ടെന്‍ഷന്‍ അങ്ങ് കയറി ഇപ്പോള്‍ ചാവും എന്ന നിലയിലായി ഞാന്‍.
ഹവ്വെവര്‍, ഓഫീസില്‍ ചെന്ന് എങ്ങിനെയെങ്കിലും പാസ്പ്പോര്‍ട്ടെടുപ്പിച്ച് കിട്ടാവുന്ന സ്പീഡില്‍ സ്കൂട്ടാവാന്‍ വേണ്ടിയാണ് പുലര്‍ച്ചെ രണ്ടര മണിക്ക് ഞാന്‍ ചാടിപ്പിടഞ്ഞെണീറ്റത്.
അതേതായാലും നന്നായി. ടെന്‍ഷന്‍ അവിടം കൊണ്ട് തീര്‍ന്നു.

